തൃക്കാക്കര: അവധിയുടെ മറവിൽ മാലിന്യം അടിച്ചു ഭൂമി നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കാക്കനാട് ചെമ്പുമുക്കിലെ അസീസി സ്കൂളിന് സമീപം അട്ടിപ്പേറ്റി നഗറിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരേക്കറോളം ഭൂമിയിൽ പൈലിംഗ് മാലിന്യം അടിച്ചു നികത്താനായിരുന്നു ശ്രമം.ശനിയാഴ്ച വെളിപ്പിനെ മുതൽ ടോറസ് ലോറികൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിക്കുകയായിരുന്നു. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മാലിന്യം തള്ളുന്നത് താത്കാലികമായി നിർത്തിയെങ്കിലും പിന്നീടും തുടർന്നതോടെ റവന്യൂ -പൊലീസ് അധികൃതരെ വിവരമറിക്കുകയായിരുന്നു. പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.പ്രദേശത്തെ പൊതുതോട് കൈയേറിയാണ് നിർമ്മാണം നടത്തുന്നതെന്നും,അമിത ഭാരമുള്ള വാഹനങ്ങൾ അതുവഴി പോകാൻ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് ടോറസ് ലോറികൾ തലങ്ങും വിലങ്ങും പായുന്നത്.സംഭവത്തെക്കുറിച്ചു തൃക്കാക്കര പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.