കൊച്ചി: വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്കും വനിതകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നവർക്കു വേണ്ടി നടത്തുന്ന ഷീ ലവ്‌സ് ടെക് മത്സരം ഇക്കുറി വെർച്വലായി നടത്തുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചു. ഒക്ടോബർ 31 നാണ് ദേശീയാടിസ്ഥാനത്തിൽ മത്സരം നടത്തുക.താത്പര്യമുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഒക്ടോബർ 3 ന് മുമ്പായി http://www.startupmission.in/shelovestech എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണം.സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യയും ഉത്പന്നങ്ങളും പുറത്തിറക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, വനിതകൾ മേധാവികളായുള്ള സംരംഭങ്ങൾ, സംരംഭത്തിൽ ഒരു സ്ത്രീയെങ്കിലുമുള്ള ഉത്പന്നങ്ങൾ എന്നിവയ്ക്ക് പങ്കെടുക്കാം. എയ്ഞ്ചൽ നിക്ഷേപം, സീഡ് ഫണ്ട് 50 ലക്ഷം രൂപയ്ക്കു താഴെയുള്ള സീരീസ് എ നിക്ഷേപം എന്നിവ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും അപേക്ഷിക്കാം. ദേശീയ ഗ്രാന്റ് ചലഞ്ച് മത്സരത്തിലേക്ക് പത്ത് സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുക്കുന്നത്.