അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ കൊവിഡ് പ്രവർത്തനത്തിലെ അനാസ്ഥയും ഭരണത്തിലെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളെ കുപ്രചരണങ്ങളാൽ തടയിടാമെന്ന് കരുതേണ്ടന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ പി.വി.ടോമി പറഞ്ഞു. കൊവിഡ് പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്ത സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.ഗോപിയെ പഞ്ചായത്തംഗം ബാബുസാനി തള്ളി വീഴ്ത്തിയെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഈ സംഭവത്തിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചതോടെ പൊലീസിന്റെ സാന്നിധ്യത്തിൽ മാപ്പുപറഞ്ഞു പ്രശ്‌നം അവസാനിപ്പിച്ചു. എന്നാൽ എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്തിന്റെ ഗേറ്റ് അടച്ചിട്ട് കൈയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചു പഞ്ചായത്ത് പ്രസിഡന്റ് പിന്നീട് രംഗത്തുവരികയായിരുന്നു.

പഞ്ചായത്തിൽ നിലവിൽ 81 കോവിഡ് ബാധിതരുണ്ട്. ഇരുനൂറിലേറെപ്പേർ നിരീക്ഷണത്തിലുണ്ട്. ഒന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലും പതിനൊന്നാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് സോണിലുമാണ്. സ്ഥിതി രൂക്ഷമായിട്ടും ഭരണസമിതിക്കു കുലുക്കമില്ല. ഗത്യന്തരമില്ലാത്തതിനാലാണ് ഉപരോധം സംഘടിപ്പച്ചത്.

30നകം എഫ്.എൽ.ടി.സി പ്രവർത്തനം തുടങ്ങാമെന്ന ധാരണയിലാണു സമരം അവസാനിപ്പിച്ചത്. എന്നാൽ ധാരണയെ അട്ടിമറിക്കുന്ന തീരുമാനമാണു പഞ്ചായത്ത് കമ്മിറ്റിയിൽ സ്വീകരിച്ചതെന്നും പഞ്ചായത്ത് അംഗങ്ങളായ മേരി ആന്റണി, ഗ്രേസി സെബാസ്റ്റ്യൻ, എൻസിപി ബ്ലോക്ക് പ്രസിഡന്റ് ടോണി പറപ്പിള്ളി, കെ.കെഗോപി, രംഗമണി വേലായുധൻ എന്നിവർ ആരോപിച്ചു.