മൂവാറ്റുപുഴ: നഗരം തെരുവു നായകളുടെ പിടിയിലമർന്നു. മൂവാറ്റുപുഴ നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് , ഇ.ഇ.സി മാർക്കറ്റ് , കീച്ചേരിപടി, മാർക്കറ്റ് , ചാലികടവ്, നെഹ്റു പാർക്ക്, 130കവല, പോസ്റ്റ് ഓഫീസ് കവല, ആരക്കുഴജംഗ്ഷൻ എന്നിവ തെരുവു നായകളുടെ വിഹാര കേന്ദ്രമായി മാറി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇറച്ചി വ്യാപാരം കുറഞ്ഞതിനാലും , ഹോട്ടലുകൾ പൂർണമായി തുറക്കാതിരുന്നതാനാലും തെരുവു നായകൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാതായി. റോഡു സൈഡുകളിൽ നഗരവാസികൾ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കുന്നതാനായിട്ടാണ് പട്ടികൾ കൂട്ടത്തോടെ ഓടിനടക്കുന്നത്. നഗരത്തിലെ വീടുകളിലെ മുറ്റത്ത് ചെരിപ്പോ മറ്റെന്തെങ്കിലുമോ കണ്ടാൽ കടിച്ചുകീറിയെറിയുകയാണ്.
വഴിയാത്രക്കാർക്ക് നേരെയും നായകൾ കുരച്ചു ചാടുക പതിവാണ്. വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ പുറത്തുണ്ടെങ്കിൽ കൂട്ടത്തോടെ മണം പിടിച്ചെത്തുന്ന നായകൾ കടിപിടികൂടി തിന്നുകയാണ്. നായകളുടെ വന്ധ്യകരണം നിലച്ചതോടെ ഉല്പാദനം വലിയതോതിൽ വർദ്ധിച്ചു. മുൻ കാലങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ പട്ടിപിടത്തം ഉണ്ടായിരുന്നു എന്നാൽ അതും നിലച്ചമട്ടാണ്.
എബിസി സെന്റർ പ്രവർത്തനം അവതാളത്തിൽ
തെരുവ് നായകളുടെ വന്ധ്യകരണം പദ്ധതിക്കായി മൂവാറ്റുപുഴയിൽ നിർമ്മിച്ച എബിസി സെന്റർ പ്രവർത്തനം സജ്ജീവമാക്കുകയാണ് നായകളുടെ ശല്യം കുറക്കുവാനിള്ള വഴി. മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലീനിക്കിലാണ് എബിസി സെന്റർ പ്രവർത്തിച്ചിരുന്നത് . നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി ഓപ്പറേഷൻ തീയറ്ററും തുടർന്ന് പാർപ്പിക്കുന്നതിനായി അഞ്ച് കൂടുകളും ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് പ്രവർത്തന സജ്ജമല്ല .