കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ജോർജിനെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സി.ബി.ഐ തീരുമാനിച്ചു. കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ചൊവ്വാഴ്ച രാവിലെ 9.30ന് കൊച്ചി സി.ബി.ഐ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
ബാലഭാസ്ക്കറിന്റെ സുഹൃത്തും മാനേജരുമായ വിഷ്ണു സോമസുന്ദരം,പ്രകാശൻ തമ്പി,ഡ്രൈവർ അർജുൻ എന്നിവർക്കൊപ്പം കലാഭവൻ സോബിയുടെയും നുണപരിശോധന കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. എന്നാൽ തിടുക്കപ്പെട്ട് ഇന്ന് ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. ഉച്ചയ്ക്ക് ശേഷമാകാമെന്ന് അറിയിച്ചതോടെ ചൊവ്വാഴ്ച രാവിലെ എത്തിയാൽ മതിയെന്ന് പിന്നീട് അറിയിച്ചു.
2018 സെപ്തംബർ 25ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. എന്നാൽ അപകടമരണമല്ലെന്ന പിതാവിന്റെ സംശയത്തിലാണ് സി.ബി.ഐ അന്വേഷണം. അപകടസ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികളെ കണ്ടെന്നും കാർ അടിച്ചുതകർക്കുകയായിരുന്നെന്നുമാണ് സോബിയുടെ പ്രധാന വെളിപ്പെടുത്തൽ.