ഫോർട്ടുകൊച്ചി: പൈതൃകം നഷ്ടപ്പെടുത്തി ഫോർട്ടുകൊച്ചിയിൽ അശാസ്ത്രീയമായ രീതിയിൽ കാന നിർമ്മാണം നടത്തുന്നതിൽ പരക്കെ ആക്ഷേപം. സ്മാർട്ട് സിറ്റി പദ്ധതി എന്ന പേരിൽ നടത്തുന്ന നിർമ്മാണം സി.എസ്.എം.എൽ ആണ് കരാറെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി തുടങ്ങിയ നിർമ്മാണം വർഷങ്ങൾ പഴക്കമുള്ള മഴമരങ്ങളുടെ വേരുകൾ പിഴുത് മാറ്റിയാണ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. യൂറോപ്യൻമാരുടെ കാലത്തുള്ള റോഡുകളും വിളക്കുകാലുകളും പിഴുതെറിഞ്ഞാണ് നിർമ്മാണം നടക്കുന്നത്. ഇതിനെതിരെ ടൂറിസം പ്രമോട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും മുൻ കൗൺസിലറുമായ ആന്റണി കുരീത്തറ മുഖ്യമന്ത്രി, ടൂറിസംമന്ത്രി എന്നിവർക്ക് പരാതി നൽകി.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. വീതികുറഞ്ഞ റോഡിൽ അശാസ്ത്രീയമായ കാനനിർമ്മാണത്തെ തുടർന്ന് കാനകൾ റോഡിൽനിന്ന് ഉയർന്നുനിൽക്കുന്നതിനാൽ അഴുക്കുവെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. മെറ്റലും സിമന്റ് പൊടിയും ഇടാതെയാണ് നിർമ്മാണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ജോലികൾക്ക് ഏകോപനവും ഇല്ലെന്ന് പരാതിയിൽ പറയുന്നു. പൈതൃകനഗരിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തി നടക്കുന്ന പ്രവർത്തികൾക്കെതിരെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്.