cheers

കോലഞ്ചേരി: കരാറുകാർ 'ലൗ സിപ്പടിച്ചു'. ആറു പേർക്ക് കൊവിഡ്. മഴുവന്നൂർ പഞ്ചായത്തിലെ കരാർ ജോലികൾ പങ്കിട്ടെടുത്തതിലെ സന്തോഷം പങ്കു വെച്ച് കരാറുകാർ നടത്തിയ മദ്യ സല്ക്കാരം ആറു പേരെ കൊവിഡ് ബാധിതരാക്കി. ഈ സാമ്പത്തിക വർഷം നടപ്പാക്കേണ്ട കരാർ ജോലികളാണ് പരസ്പര ധാരണയിൽ പങ്കിട്ടെടുത്തത്. ഇതിനു ശേഷമാണ് സന്തോഷം പങ്കിടാനായി സല്ക്കാരം നടത്തിയത്. ടച്ചിംഗ്സും ഗ്ളാസുമാണ് ചതിച്ചത്. സംഘത്തിലെ ഒരാളുടെ മാതാവിനെ അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചതോടെതാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സല്ക്കാരത്തിൽ പങ്കെടുത്തവർ ക്വാറന്റൈനിൽ പോയതിനാൽ കാര്യമായ സമ്പർക്കമില്ല. ഇവർ സ്വമേധയ നടത്തിയ പരിശോധനയിലാണ് ആറു പേർക്ക് രോഗം സ്ഥിരീകരിച്ചത്. വിവിധ വാർഡുകളിലെ താമസക്കാരായതിനാൽ കണ്ടെയിൻമെന്റ് സോണാക്കിയിട്ടില്ല. ഇവർ പഞ്ചായത്തിലെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലും എത്തിയിരുന്നു. രണ്ടു ദിവസം അവധിയായിരുന്ന ഓഫീസ് ഇന്ന് സാനിറ്റൈസേഷന് ശേഷം തുറന്നു.