road

കോലഞ്ചേരി: എന്താ റോഡേ നീ നന്നാവാത്തെ... ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഒടുവിൽ കരാറുകാരനും നിന്നെ കൈവിട്ടു. നാട്ടുകാരുടെയും വാഹന ഉടമകളുടെയും ശാപ വാക്കുകൾ കേട്ട് മുടിയും മുമ്പ് ,നിനക്കൊന്ന് സ്വയം നന്നായിക്കൂടെ. ആരു വരുമെന്നോർത്താ ഇനിയും കാത്തിരിപ്പ്. നിന്റെ കാര്യം കട്ടപ്പുകയായി. കരാർ കാലാവധി കഴിഞ്ഞിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്താൻ ഉദ്യോഗസ്ഥരോ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളോ തയ്യാറാകാത്തതോടെ തകർന്ന് തരിപ്പണമായി നെല്ലാട് മനയ്ക്കക്കടവ് റോഡ്. റോഡ് വികസനത്തിനു വേണ്ട നടപടികളൊരുക്കാതിരിക്കാൻ വാട്ടർ അതോറിറ്റി, വനം വകുപ്പ്, റീ സർവെ വകുപ്പുകൾ മത്സരിച്ചതോടെ റോഡിന്റെ കാര്യം സ്വാഹ. റോഡിനായി സർക്കാർ കിഫ്ബി വഴി 32.6 കോടി രൂപയാണ് അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2018 ജൂലായ് 20 നാണ് 26.54 കോടി രൂപക്ക് റോഡ് നിർമ്മാണം ടെണ്ടർ ചെയ്തത്. 18 മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ ഈ കാലാവധിക്കുള്ളിൽ ഒന്നും നടന്നില്ല. കാരാർ കാലാവധി കഴിഞ്ഞ ജനുവരിയിൽ തീരുകയും ചെയ്തു. പ്രതിഷേധമുയർന്നതോടെ വകുപ്പ് തല യോഗം ചേരുകയും മന്ത്റി തല ഇടപെടലിനെ തുടർന്ന് പദ്ധതിയിലെ പട്ടിമ​റ്റം പത്താം മൈൽ, പള്ളിക്കര മനക്ക കടവ് റോഡുകളുടെ പുനർനിർമ്മാണം ചെയ്യാമെന്നേ​റ്റ കരാറുകാരൻ കിഴക്കമ്പലം നെല്ലാട് റോഡിന്റെ കരാർ ഒഴിയുകയായിരുന്നു.

അറ്റകുറ്റ പണികൾ കൂടുതൽ

റോഡ് വീതി കൂട്ടാൻ 46 മരങ്ങൾ മാറ്റണം, കുടിവെള്ളം മുടങ്ങാതിരിക്കാൻ കുടിവെള്ള പൈപ്പുകൾ മാറ്റണം, റോഡിന്റെ അലൈൻമെന്റുകൾ കൃത്യമാക്കാൻ സർവെ വകുപ്പിന്റെയും ഇടപെടലുകൾ വേണം എന്നാൽ സർവ വകുപ്പിലെയും ഉദ്യോഗസ്ഥർ ഇടം തിരിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു .

കാൽനട യാത്രയും ദുസഹം

മൂവാ​റ്റുപുഴ നിന്നും ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കുള്ള റോഡാണിത്. കെ.എസ്.ആർ.ടി.സിയും സ്വാകാര്യ ബസുകളടക്കം നൂറു കണക്കിന് വാഹനങ്ങൾ ദിവസേന പോകുന്ന വഴിയാണിത്. നെല്ലാട് മുതൽ മനയ്ക്കക്കടവ് വരെ കാൽനടയാത്ര പോലും ദുസഹമായ രീതിയിലാണ്. പലയിടത്തും ടാറിംഗ് ഇല്ലാതെ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്തിടെയായി അപകടങ്ങളും മരണ നിരക്കും വർദ്ധിച്ചിട്ടുണ്ട്.

കരാറുകാരൻ പിൻവാങ്ങി

നിലവിൽ 5.5 മീ​റ്ററുള്ള റോഡിന്റെ വീതി 7.5 മീ​റ്ററായി വർദ്ധിപ്പിക്കുന്നതോടൊപ്പം കുടിവെള്ള പൈപ്പുകളും മാ​റ്റി സ്ഥാപിച്ച് റോഡ് ആധുനിക നിലവാരത്തിൽ ടാർ ചെയ്യുന്നതായിരുന്നു പദ്ധതി. എന്നാൽ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതോടെയാണ് കരാറുകാരൻ പിൻവാങ്ങിയത്. അതേ സമയം ബി.എം,ബി.സി ടാറിംഗിനു ഫണ്ട് അനുവദിച്ചതിനാൽ അ​റ്റകു​റ്റപ്പണി പോലും നടക്കാത്തതിനാൽ ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായി.