മാറ്റിവയ്ക്കുന്ന ഹൃദയത്തിന്റെ ഉടമയുടെ സ്വഭാവങ്ങളിൽ ചിലത് സ്വീകരിക്കുന്നയാൾക്കും ലഭിക്കുമെന്ന പ്രചാരണം ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ അത്തരമൊരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചതായി അറിവില്ല. അമേരിക്കയിലെ ഒരു വനിതയെക്കുറിച്ചുള്ള ലേഖനം ഞാനും വായിച്ചിട്ടുണ്ട്. ഹൃദയം ദാനം ചെയ്തയാളുടെ ശീലങ്ങളിലേക്ക് മാറിയെന്നാണ് ലേഖനം പറയുന്നത്. ശാസ്ത്രീയമായി ഇക്കാര്യം സ്ഥിരീകരിച്ചതല്ല.
നമ്മുടെ സ്വഭാവങ്ങളും വ്യക്തിത്വവും ഹൃദയവുമായി ബന്ധപ്പെട്ടതല്ല. അതു നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ടതാണ്. ചിന്താശീലങ്ങൾ, വ്യക്തിത്വം തുടങ്ങിയവ തലച്ചോറിലാണ് രൂപപ്പെടുന്നത്. രക്തം പമ്പ് ചെയ്യുക എന്നതിൽ കവിഞ്ഞ് ഹൃദയത്തിന് വികാരങ്ങളും വിചാരങ്ങളും സ്വഭാവങ്ങളും നിയന്ത്രിക്കുന്നതിൽ പങ്കില്ല.
പുതിയൊരു അവയവം ലഭിക്കുമ്പോൾ ആകാംക്ഷ, പിരിമുറുക്കം എന്നിവയുണ്ടാകും. തുടർ പരിശോധനകൾ, മരുന്നുകൾ കഴിക്കൽ തുടങ്ങിയവ വഴി സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ വരാം. ആരോഗ്യത്തോടെ ജീവിക്കുന്നതും രോഗിയായി ജീവിക്കുന്നതും ചിലരിൽ മാറ്റങ്ങൾ വരുത്താം. ചിലർ അതിനെ പോസിറ്റീവായി കാണും. ചിലർക്ക് മാനസികമായ മാറ്റങ്ങളാകാം. അവർക്ക് തുടർച്ചയായ കൗൺസിലിംഗ് വേണ്ടിവരും. സമൂഹിലേക്ക് അവരെ സാധാരണപോലെ തിരികെ കൊണ്ടവരണം. അല്ലാതെ സ്വഭാവവ്യതിയാനങ്ങൾ സംഭവിക്കുന്നതായി വർഷങ്ങൾക്കിടെ നിരവധി ഹൃദയങ്ങൾ മാറ്റിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ജീവിച്ചിരിക്കുന്നവരിലും യാതൊരു മാറ്റവും എനിക്ക് തോന്നിയിട്ടില്ല.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം
ലിസി ആശുപത്രി, എറണാകുളം