കുടിവെള്ളം മൗലികാവകാശമാണെന്ന് ഹൈക്കോടതി
നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശം
കൊച്ചി : എറണാകുളം ചേരാനെല്ലൂർ വില്ലേജിലെ നാലു നിലകളുള്ള റെസിഡൻഷ്യൽ കോംപ്ളക്സിന് കേരള വാട്ടർ അതോറിറ്റി കണക്ഷൻ നിഷേധിച്ചതിനെതിരായ ഹർജിയിൽ മൂന്നുമാസത്തിനകം വാട്ടർ കണക്ഷൻ നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കുടിവെള്ളം മൗലികാവകാശമാണെന്നും ഇതു നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും വിശാലകൊച്ചി കുടിവെള്ള സംരക്ഷണസമിതി കേസിൽ 2006ൽ നൽകിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ചിന്റെ വിധി. ബിൽഡിംഗ് ഉടമയായ ആലുവ സ്വദേശി അനൂബാണ് ഹർജി നൽകിയത്.
ആലുവയിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്നുള്ള ജലവിതരണ ശൃംഖലയുടെ അവസാന ഭാഗമായതിനാൽ ചേരാനെല്ലൂരിൽ ജലക്ഷാമം രൂക്ഷമാണെന്നും ഇവിടെ ബഹുനില കെട്ടിടത്തിന് വാട്ടർ കണക്ഷൻ നൽകുന്നത് മേഖലയിലെ ജലവിതരണത്തെ ബാധിക്കുമെന്നുമായിരുന്നു വാട്ടർ അതോറിറ്റിയുടെ വിശദീകരണം. മാത്രമല്ല അമൃത് പദ്ധതിയിലും മറ്റുമായി ചില കുടിവെള്ള പ്രൊജക്ടുകൾ വരുന്നുണ്ട്. ഇതു മൂന്നുവർഷംകൊണ്ടു പൂർത്തിയാകുമെന്നും ഇതിനുശേഷം ഹർജിക്കാരന്റെ കെട്ടിടത്തിലേക്ക് വെള്ളം നൽകാനാവുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി. ഇൗ വാദം തള്ളിയാണ് കുടിവെള്ളം മൗലികാവകാശമാണെന്ന നേരത്തെയുള്ള വിധി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.