കൊച്ചി : സുബഹാനി ഐസിസിനുവേണ്ടി സായുധപോരാട്ടം നടത്തിയ സംഭവം നമ്മുടെ സാംസ്കാരിക മന:സാക്ഷിക്കുമേൽ വീണ കളങ്കമാണെന്ന് വിചാരണക്കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച പുരോഗമന സമൂഹങ്ങളിലൊന്നിന്റെ അന്തസിനേറ്റ ആഘാതം കൂടിയാണിത്.
ഇത്തരം ഭീകരവാദ ആശയങ്ങളിൽ ആളുകൾ ആകൃഷ്ടരാവുന്നത് വേദനാജനകമാണ്. ഇതിലൂടെ സ്വന്തം സ്വർഗരാജ്യത്തെത്തിച്ചേരാൻ കഴിയുമെന്ന ചിന്തയിലാവണം ഇങ്ങനെ ചെയ്യുന്നത്. സുബഹാനി ഇതിൽ നിന്ന് മോചിതനായി നമ്മുടെ ഭരണഘടനയിലൂടെ നടപ്പാക്കുന്ന നിയമവാഴ്ചയാണ് ഏറ്റവും മികച്ചതെന്ന് മറ്റുള്ളവരോട് വിളിച്ചുപറയുമെന്ന് പ്രത്യാശിക്കാം - ജഡ്ജി പി. കൃഷ്‌ണകുമാർ വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
സുബഹാനി ഇന്ത്യയിലുണ്ടായിരുന്ന ഘട്ടത്തിൽ 2.2 കിലോമീറ്റർ റേഞ്ചുള്ള യു.എസ് നിർമ്മിത റൈഫിൾ വാങ്ങാൻ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടിയ കോടതി, പ്രതിയുടെ ശിക്ഷയിൽ ഇളവോ ദയയോ അനിവാര്യമല്ലെന്ന് വ്യക്തമാക്കി. ആക്രമണത്തെ തടയുകയെന്ന സന്ദേശവും സാമൂഹ്യസുരക്ഷയ്ക്കുള്ള നടപടിയും ശിക്ഷയിൽ പ്രതിഫലിക്കേണ്ടതുണ്ട്.
ഇന്നലെ ശിക്ഷ വിധിക്കുമ്പോൾ സുബഹാനിയുടെ ബന്ധുക്കളും ഹാജരായിരുന്നു. ഇവരെ പ്രത്യേകം കാണാനും കോടതി അനുവദിച്ചു. വിയ്യൂരിലെ ഹൈസെക്യൂരിറ്റി ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ സുബഹാനി അള്ളാഹു അക്ബർ എന്നുറക്കെ വിളിച്ചു പറഞ്ഞു.