കൊച്ചി : പാലാരിവട്ടം ഫ്ളൈഓവർ പൊളിച്ചുപണിയുന്ന ജോലികൾക്ക് തുടക്കമായി. ഇന്നലെ രാവിലെ 8.30ന് പൂജയ്ക്കു ശേഷമാണ് പൊളിക്കൽ ആരംഭിച്ചത്. തുടർന്ന് മേൽത്തട്ടിലെ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലികളിലേക്ക് കടന്നു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നാൽപ്പതോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നാല് ദിവസം കൊണ്ട് ഈ ജോലി പൂർണമാകും.വെള്ളിയാഴ്ച മുതൽ സ്പാനുകൾ പൊളിക്കും. ഇത് പൂർണമാകാൻ രണ്ടര മാസമെടുക്കും. 17 സ്പാനുകളിൽ വിള്ളൽ വീണ 15 എണ്ണം മാറ്റണം. ആറു ഗർഡറുകൾ ചേർന്നതാണ് ഒരു സ്പാൻ. രണ്ടു തൂണുകൾക്കിടയിൽ ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാൻ ഉറപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് മുകളിലാണ് ഡെക്ക്സ്ലാബ് കോൺക്രീറ്റ് . ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക്ക്സ്ലാബും മുറിക്കും. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറുകഷണങ്ങളാക്കിയശേഷം പൊടിച്ചെടുക്കും.ഇവ ഡി.എം.ആർ.സിയുടെ മുട്ടം യാർഡിലേക്ക് മാറ്റും. പൊടി ശല്യമൊഴിവാക്കാൻ പാലത്തിനു ചുറ്റും കമ്പിവല കെട്ടിമറയ്ക്കും.ദേശീയപാത ബൈപ്പാസിൽ ഗതാഗതത്തിന് തടസവുമുണ്ടാക്കാതെയാണ് പൊളിക്കൽ. അണ്ടർ പാസിംഗ് അനുവദിക്കില്ല. ഇരുദിശകളിലേക്കും പഴയ പടി ഗതാഗതം തുടരും. സർവീസ് റോഡുകൾ അടിയന്തരമായി നന്നാക്കും.
കേശവ്ചന്ദ്രൻ ഉടനെത്തും
ഡി.എം.ആർ.സി ചീഫ് എൻജിനിയർ ജി. കേശവ്ചന്ദ്രൻ അടുത്തദിവസം ചുമതലയേൽക്കും. അദ്ദേഹത്തിന്റെ പൂർണ നിയന്ത്രണത്തിലായിലായിരിക്കും പൊളിക്കലും പുനർനിർമ്മാണവും. റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെ സംയോജിപ്പിച്ചായിരിക്കും തുടർ പ്രവർത്തനങ്ങൾ.