കിഴക്കമ്പലം: റോഡു പണിയുടെ പേരിൽ മുന്നണികൾ കൊമ്പു കോർക്കുന്നു. മനയ്ക്കക്കടവ് മുതൽ നെല്ലാട് വരെയുള്ള റോഡിനു ഫണ്ട് അനുവദിച്ചിട്ട് 2 വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാത്തതിനാൽ വ്യാപക പ്രതിഷേധം നിലനില്ക്കെയാണ് ഭരണ പ്രതിപക്ഷ മുന്നണികൾ വാദപ്രതിവാദവുമായി രംഗത്തെത്തിയത്. നിർമ്മാണം വൈകുന്നതിനെതിരെ അനിശ്ചിതകാല സമരത്തിലേയ്ക്ക് കടക്കുമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി അറിയിച്ചു.സർക്കാരിന്റെ ഭാഗത്തു നിന്നു റോഡ് നിർമ്മാണം ആരംഭിക്കാൻ നടപടികളില്ലെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കും.യു.ഡി.എഫ് എം.എൽ.എയ്‌ക്കെതിരെയുള്ള ബോധപൂർവമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗാമായാണ് ഫണ്ട് അനുവദിച്ച് ഇത്രയും വർഷമായിട്ടും റോഡ് നിർമ്മാണം ആരംഭിക്കാത്തതെന്ന് നിയോജക മണ്ഡലം ചെയർമാൻ സി.പി.ജോയ് ആരോപിച്ചു.കമ്മീഷൻ വീതം വയ്പ്പിനെ ചൊല്ലി സ്ഥലം എം.എൽ.എയും കരാറുകാരനും തമ്മിലുള്ള തർക്കമാണ് റോഡുകളുടെ പുനർ നിർമ്മാണം നിലയ്ക്കാൻ കാരണമെന്നാണ് സി.പി.എം ആരോപണം.പള്ളിക്കര - മനയ്ക്കകടവ് - നെല്ലാട്, പട്ടിമറ്റം - പത്താംമൈൽ റോഡ് നിർമ്മാണം അവതാളത്തിലാക്കിയ എം.എൽ.എയുടെ ഇപ്പോഴത്തെ നാടകം അപഹാസ്യമാണ്.
40 കോടി രൂപ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടും റോഡ് നിർമ്മാണം വേഗത്തിലാക്കാൻ ഒരു യോഗം പോലും വിളിച്ചു ചേർക്കാത്ത് എം.എൽ.എ യുടെ കഴിവുകേടാണ്. ഇതിനെതിരെ ഉയരുന്ന ജനരോഷം മറക്കാനാണ് സർക്കാരിനെതിരെ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് സി.പി.എം പ്രസ്താവനയിൽ ആരോപിച്ചു.
നിയമസഭയിൽ മന്ത്റിയും, യോഗത്തിൽ ഉദ്യോഗസ്ഥരും ഉടൻ നിർമാണം പൂർത്തീകരിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും രാഷ്ട്രീയ പ്രേരിതമായി പദ്ധതി അട്ടിമറിക്കുകയാണെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ പറയുന്നു. കിഫ്ബിയും ഉദ്യോഗസ്ഥരും, കരാറുകാരും ഒത്തുകളി നടത്തുകയാണ്.
സമരപ്രഖ്യാപന കൺവൻഷൻ 2ന്
റോഡ് നിർമ്മാണം ആരംഭിക്കാത്തതിൽ യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് സമരപ്രഖ്യാപന കൺവൻഷൻ 2ന് നടക്കുമെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. അതേ സമയം റോഡ് നിർമ്മാണം അവതാളത്തിലാക്കുന്നത് കരാറുകാരുമായുളള എം.എൽ.എ യുടെ കമ്മീഷൻ തർക്കത്തിന്റെ പേരിലാണെന്ന് സി.പി.എം കോലഞ്ചേരി ഏരിയാ കമ്മിറ്റി ആരോപിക്കുന്നു.
പണി പാതി വഴിയിൽ
ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം നിർമ്മാണം ആരംഭിച്ച പട്ടിമറ്റം പത്താംമൈൽ റോഡിന്റെ അറ്റകുറ്റപ്പണികളും നിർത്തി വച്ച നിലയിലാണ്.എസ്റ്റിമേറ്റ് പുതുക്കി നൽകിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റോഡ് നിർമ്മാണം പാതി വഴിയിൽ നിർത്തി വച്ചിരിക്കുന്നത്. 7 കിലോമീറ്റർ വരുന്ന ഈ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവർ കുണ്ടും കുഴിയും ചാടി മടുത്തു.