കൊച്ചി: കൊവിഡിൽ കൂപ്പുകുത്തിയ വിനോദസഞ്ചാരമേഖലയെ വീണ്ടെടുക്കാൻ ഗ്രാമീണ സാദ്ധ്യതകൾ പരീക്ഷിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) പദ്ധതി. 'വിനോദസഞ്ചാരവും ഗ്രാമീണ വികസനവും' എന്ന ലോക വിനേദസഞ്ചാര ദിനാഘോഷത്തിന്റെ മുദ്രാവാക്യം ഏറ്റെടുത്താണ് പദ്ധതി ആവിഷ്കരിക്കുന്നത്.നാട്ടുമത്സ്യങ്ങൾ, നാടൻ കരകൗശലവസ്തുക്കൾ എന്നിവയുടെ സാദ്ധ്യതകൾ പരീക്ഷിക്കുന്നത്. കറൂപ്പ്, കാരി, പള്ളത്തി, പൂളാൻ, ബ്രാൽ തുടങ്ങി നാട്ടുമത്സ്യങ്ങളെ നൈസർഗീക ചുറ്റുപാടിലും കൃത്രിമമായും വളർത്തി വിപണനം ചെയ്യും. അതിനെ ഗ്രാമീണ ടൂറിസവുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. നാട്ടിൻപുറങ്ങളിലെ തോടുകളിലും മറ്റ് ജലാശയങ്ങളിലും വീട്ടുമുറ്റത്തും ടെറസിലും വയ്ക്കാവുന്ന ചെറിയ ടാങ്കുകളിലും നാട്ടുമത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. 10 മുതൽ 50 മത്സ്യങ്ങളെവരെ വളർത്താൻ സാധിക്കുന്ന ചെറുതും ഇടത്തരം വലിപ്പമുള്ളതുമായ ടാങ്കുകൾ ഡി.ടി.പി.സി യുടെ കീഴിൽ എറണാകുളം ബോട്ടുജെട്ടിയിൽ പ്രവർത്തിക്കുന്ന ടൂറിസം ഡെസ്ക് വഴി വിതരണം ചെയ്തു തുടങ്ങി. ടാങ്കുകളിൽ മത്സ്യകുഞ്ഞുങ്ങളെ വളർത്തുമ്പോൾ അടുക്കളയിലെ ഭക്ഷ്യാവശിഷ്ഠങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുമാകും. ആഴ്ചയിൽ ഒരിക്കൽ ടാങ്ക് വൃത്തിയാക്കുമ്പോൾ കോരി മാറ്റുന്ന ജലം പച്ചക്കറി, അലങ്കാര ചെടികൾ എന്നിവയ്ക്ക് വളമായും ഉപയോഗിക്കാം. ആറ് മാസം വളർച്ചയെത്തുമ്പോൾ മത്സ്യം വിൽക്കുകയൊ സ്വന്തമായി ഉപയോഗിക്കുകയൊ ചെയ്യാം.
മത്സ്യാനുബന്ധ ടൂറിസം
നഗരക്കാഴ്ചകൾ തേടിയെത്തുന്ന വിനോദസഞ്ചാരികളെ ഗ്രാമാന്തരീക്ഷങ്ങളിലേക്ക് ആനയിക്കുന്നതിന് പ്രത്യേക പാക്കേജുകൾ ഡി.ടി.പി.സി യുടെ നേതൃത്വത്തിൽ ആവിഷ്കരിക്കും. സഞ്ചാരികൾക്ക് നാടൻരീതിയിലുള്ള മത്സ്യബന്ധനം പരിചയപ്പെടുത്തുന്നതിനും അതത് പ്രദേശത്തെ രുചിക്കൂട്ടുകൾ ചേർത്തു തയ്യാറാക്കുന്ന നാട്ടുമീൻകറിയും മറ്റ് വിഭവങ്ങളും വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങൾ ഒരുക്കും. കുടുംബശ്രീ സംരംഭക യൂണിറ്റുകളായും വ്യക്തിഗത സംരംഭങ്ങളായും ഗ്രാമീണർക്ക് ഇതിൽ പങ്കാളികളാകാം.
കരകൗശവസ്തുക്കൾ
മൺപാത്രങ്ങൾ, ടെറാക്കോട്ട പെയിന്റിംഗ്, വാഴനാരും കൈതനാരും ഉപയോഗിച്ചുള്ള പഴ്സ്, ബാഗ് തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനസാദ്ധ്യത എന്നിവയാണ് മറ്റൊരുമേഖല. കേരളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് പൊതുവേ ലഭിക്കുന്ന കരകൗശല സ്‌മരണികകൾ കഥകളി, കളിവള്ളം, നെറ്റിപ്പട്ടം എന്നിങ്ങനെ കുറിച്ച് മോഡലുകൾ മാത്രമായി ഒതുങ്ങുകയാണ്. പ്രാദേശികമായി ലഭ്യമാകുന്ന അസംസ്കൃത വസ്തുക്കൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പശ്ചിമബംഗാളിലും ഗോവയിലും മുമ്പ് ഇത്തരം മാതൃകകൾ പരീക്ഷിച്ചു വിജയിച്ചിട്ടുമുണ്ട്. സഞ്ചാരികളുടെ സാന്നിദ്ധ്യത്തിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ചുനൽകുന്ന ലൈവ് യൂണിറ്റുകൾക്കും സദ്ധ്യതകളേറെയാണെന്ന് ഡി.ടി.പി.സി സെക്രട്ടറി വിജയകുമാർ പറഞ്ഞു.
ആകാശത്താമരയുടെ വീണ്ടെടുപ്പ്
കേരളത്തിലെ ജലാശയങ്ങളിൽ നൈസർഗീകമായി വളർന്നിരുന്നതും ആഫ്രിക്കൻ പായലിന്റെ അധിനിവേശത്തോടെ അന്യാധീനപ്പെട്ടതുമായ ജലസസ്യമാണ് ആകാശത്താമര. ഇതിന്റെ സാന്നിദ്ധ്യമുള്ള ജലാശയങ്ങളിൽ ജീവവായുവിന്റെ അളവ് കൂടുകയും മാലിന്യത്തിന്റെ തോത് കുറയുകയും ചെയ്യുമെന്നതാണ് പ്രത്യേകത. ടൂറിസം ഡെസ്കിൽ നിന്ന് വിതരണം ചെയ്യുന്ന മത്സ്യടാങ്കുകൾക്കൊപ്പം ആകാശത്താമരയുടെ തൈകളും സൗജന്യമായി നൽകുന്നുണ്ട്.