ആലുവ: സഹോദരൻ കുഴഞ്ഞുവീണ് മരിച്ചതറിഞ്ഞ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു. ഏലുക്കര പതുവന വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ നാദിർഷ (42), മകൾ നസീമ (48) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
അലൂമിനിയം ഫാബ്രിക്കേഷൻ കരാറുകാരനായ നാദിർഷ ഇന്നലെ രാവിലെ 10 മണിയോടെ കോട്ടപ്പുറത്തെ വർക്ക്സൈറ്റിൽ വച്ചാണ് കുഴഞ്ഞുവീണത്. ഉടനെ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു. ചെങ്ങമനാട് നെടുവന്നൂർ മണിയൻപാറ വീട്ടിൽ എം.ഐ. അബുവിന്റെ ഭാര്യയായ നസീമയ്ക്ക് ഓട്ടോറിക്ഷയിൽ ഏലൂക്കരയിലെ വീട്ടിലേക്ക് വരുമ്പോൾ 12.30 ഓടെ ദേശത്ത് വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ദേശം സി.എ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന് സുഖമില്ലെന്ന് പറഞ്ഞാണ് അബുവിനൊപ്പം നസീമ വീട്ടിലേക്ക് വന്നത്. ഇതിനിടയിൽ അബുവിന് വന്ന ഫോൺ സംസാരത്തിനിടയിൽ സഹോദരൻ മരിച്ച വിവരം നസീമ അറിഞ്ഞു. തുടർന്നാണ് കുഴഞ്ഞുവീണത്.
നസീമയുടെ മൃതദേഹം നെടുവന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. നാദിർഷയുടെ മൃതദേഹം ഏലൂക്കര പള്ളിയിലും നസീമയുടെ മൃതദേഹം നെടുവന്നൂർ പള്ളിയിലും കബറടക്കി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അബു നെടുവന്നൂരിൽ ഹോട്ടൽ നടത്തുകയാണ്.
അമീനയാണ് നാദിർഷയുടെ ഭാര്യ. ആലുവ നിർമ്മല സ്‌കൂൾ വിദ്യാർത്ഥി ഹസ ഖദിജയാണ് മകൾ. ബിൻസിയ, റിസ്വാന എന്നിവരാണ് നസീമയുടെ മക്കൾ. മരുമകൻ: സിയാസ്.