തൃക്കാക്കര : ജില്ലയിലെ 22 പഞ്ചായത്തുകളിലേക്കുളള സംവരണ വാർഡുകൾ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
50 ശതമാനം സീറ്റുകളാണ് പഞ്ചായത്തുകളിൽ വനിതാ സംവരണ വാർഡുകളായി പരിഗണിക്കുന്നത്. നിലവിൽ ജനറൽ വാർഡുകളായി തുടരുന്ന വാർഡുകളെല്ലാം തന്നെ വനിതാസംവരണ വാർഡുകളായി പരിഗണിച്ചു. ഇതിൽ നിന്ന് പട്ടികജാതി വനിതകൾക്കുള്ള സംവരണവാർഡ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 2010ലും 2015ലും പട്ടികജാതി സംവരണത്തിലുണ്ടായ വാർഡുകൾ ഒഴിവാക്കിയായിരുന്നു നറുക്കെടുപ്പ്. അംഗസംഖ്യ ഒറ്റസംഖ്യയായിട്ടുള്ള തദ്ദേശസ്ഥാപനങ്ങളിൽ അധികംവന്ന വാർഡ് വനിതാസംവരണ വാർഡായി പരിഗണിച്ചു. ജനറൽ വാർഡുകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഇത് തിരഞ്ഞെടുത്തത്. 2015 ൽ 50 ശതമാനം സ്ത്രീസംവരണം നൽകുന്നതിനുവേണ്ടി അധികമായി നറുക്കെടുപ്പിലൂടെ കണ്ടെത്തിയ നിയോജകമണ്ഡലത്തെ ഒഴിവാക്കിയായിരുന്നു നറുക്കെടുപ്പ്. 2010ലും 2015ലും പട്ടികജാതി സംവരണ വാർഡുകളായിരുന്ന വാർഡുകളെ ഒഴിവാക്കിയാണ് പട്ടികജാതി പൊതുവിഭാഗ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നറുക്കെടുപ്പ് നടത്തിയത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എ. പ്രദീപ്, ഡെപ്യൂട്ടി കളക്ടർ എം.വി. സുരേഷ്‌കുമാർ എന്നിവരും പങ്കെടുത്തു. 29ന് 20 പഞ്ചായത്തുകളിലെ സംവരണവാർഡ് നറുക്കെടുപ്പ് നടക്കും.