ആലുവ: ഡോക്ടറും ജീവനക്കാരും ഇല്ലാതായതോടെ ചൂർണ്ണിക്കര സർക്കാർ മൃഗാശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ. ഡോക്ടർ ഉൾപ്പെടെ നാല് ജീവനക്കാരിൽ ഡോക്ടർ മെയ് മാസം മുതൽ പ്രസവാവധിയിലാണ്. ആറു മാസം കൂടി കഴിഞ്ഞെ ഡോക്ടർ എത്തു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, അറ്റൻഡർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരും മറ്റ് സ്ഥിരം ജീവനക്കാരെങ്കിലും പലപ്പോഴും പാർട്ട് ടൈം സ്വീപ്പർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടാകുന്നത്.
സമീപത്തെ വെറ്ററിനറി സബ് സെന്ററിൽ നിന്നുളള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറെ താത്കാലികമായി നിയമിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം. പാർട്ട് ടൈം സ്വീപ്പർ ഉച്ചക്ക് വീട്ടിൽ പോകും. വൈകുന്നേരം വരെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ദിവസവും ഇരുപതോളം ആളുകൾ പശു, പൂച്ച, പട്ടി, തുടങ്ങി വിവിധ പക്ഷി മൃഗങ്ങളുമായി വരുന്നുണ്ട്. കുത്തിവെയ്പ്പിനും മറ്റു ആവശ്യങ്ങൾക്കുമായി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറും അറ്റൻഡറും പോകണം. താത്കാലിക ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ തന്നെ ഇതെല്ലാം ഒറ്റക്ക് ചെയ്യണം. അതിനാൽ മൃഗങ്ങളുമായി വരുന്നവർ തിരിച്ചു പോകേണ്ട അവസ്ഥയാണ്. ജീവനക്കാരുടെ അഭാവം മൂലം അമിത ജോലി ഭാരത്തിൽ വീർപ്പുമുണ്ടുകയാണ് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ.
താത്കാലികക്കാരനും തിരക്ക്
ഡോക്ടർ പ്രസവാവധിക്ക് പോയപ്പോൾ ആലുവ കാറ്റിൽ സ്റ്റെർലിറ്റി ഓഫീസിൽ നിന്നുള്ള ഡോക്ടർക്ക് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മൃഗാശുപത്രിയിൽ ചുമതല നൽകിയിട്ടുണ്ട്. എന്നാൽ ഇവർ ജോലി തിരക്കു മൂലം സ്ഥിരമായെത്താറില്ല. ഇത് മൂലം ഒട്ടനവധി ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. ആശുപത്രിയിൽ ഡോക്ടർ വരുന്ന ദിവസം കൃത്യമായി പ്രദർശിപ്പിക്കാത്തതിനാൽ ജനം ദുരിതത്തിലാണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിലവിലുള്ള ജീവനക്കാർ ജീവനക്കാരുടെ ക്ഷാമം ചൂണ്ടികാട്ടി രണ്ടുവട്ടം കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ക്ഷീരകർഷകരുടെ ഉപജീവനം മുട്ടും
ക്ഷീരകർഷകരാണ് ഇതുമൂലം ഏറെയും ദുരിതമനുഭവിക്കുന്നത്. ഉപജീവനമായി നിരവധിയാളുകളാണ് പക്ഷി മൃഗാദികളെ വളർത്തുന്നത്. യഥാസമയം ചികിത്സ കിട്ടാതെ മൃഗങ്ങൾ ചത്ത് പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ നിരവധി തവണ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ക്ഷീര കർഷകരുടെ ആക്ഷേപം. തായിക്കാട്ടുകര കുന്നുംപുറത്താണ് മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത്.
കോൺഗ്രസ് ധർണ
ചൂർണ്ണിക്കര സർക്കാർ മൃഗാശുപത്രിയിൽ സ്ഥിരം തസ്തികകൾ നികത്തണമെന്നാവശ്യപ്പെട്ട് ചൂർണ്ണിക്കര മണ്ഡലം കോൺഗ്രസ് ആറാം വാർഡ് കമ്മിറ്റി മൃഗാശുപത്രിയുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി.
യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് സമരം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.ഐ. മുഹമ്മദ്, അഹമ്മദ് കുഞ്ഞ്, എം.എസ്. ഷാജഹാൻ, സിദ്ദിഖ് ഹമീദ്, സലീം ഇലഞ്ഞിക്കായി എന്നിവർ നേതൃത്വം നൽകി.