തൃക്കാക്കര : കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 'കൊവിഡ് പ്രതിരോധം എന്റെ ഉത്തരവാദിത്തം' എന്ന പേരിൽ ജില്ലയിൽ വ്യാപകമായി ക്യാമ്പയിൻ നടത്തി വരികയാണെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് ആശുപത്രിയായ കളമശേരി മെഡിക്കൽ കോളേജിൽ ഐ. സി. യു ബെഡുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ 70 പേർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിനയി പി. വി. എസ് ആശുപത്രിയിൽ 120 ഐ. സി. യു ബെഡുകൾ ക്രമീകരിച്ചു. കൂടാതെ എല്ലാ ആശുപത്രികളിലും ഗുരുതര രോഗലക്ഷണമുള്ളവർക്കായി 20 ബെഡുകൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കാറ്റഗറി ബി വിഭാഗത്തിൽ ഉൾപ്പെട്ട രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കി.ഇതോടൊപ്പം 10000 എഫ്. എൽ. ടി. സി കിടക്കകളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക എഫ്. എൽ. ടി. സി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റൈൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.കൊച്ചി പൊലീസ് കമ്മിഷണർ വിജയ് സാക്കറെ, എസ്. പി. കെ കാർത്തിക്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.