ആലുവ: കൊവിഡ് വ്യാപനത്തെ തുടർന്ന് മുനസിപ്പൽ ടൗൺ ഹാളുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികൾ ഉപേക്ഷിച്ചിട്ടും ഹാൾ വാടക മടക്കി നൽകാതെ നഗരസഭ ജനങ്ങളെ വട്ടം കറക്കുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി എം.ജി, പ്രിയദർശിനി ടൗൺ ഹാളുകളിലായി നിശ്ചയിച്ചിരുന്ന 44 പരിപാടികളാണ് ഉപേക്ഷിച്ചത്. ഭൂരിഭാഗവും വിവാഹങ്ങളായിരുന്നു. ചിലർ കൊവിഡ് മാനദണ്ഡം പാലിച്ച് വിവാഹം വീടുകളിലായി ചുരുക്കി. മറ്റ് ചിലർ നീട്ടി വെച്ചു. ചിലർക്ക് പണം മടക്കി നൽകിയെങ്കിലും 18 ശതമാനം തുക ജി.എസ്.ടിയുടെ പേരിൽ പിടിച്ചു.
എം.ജി ഹാളിന് 17,000 രൂപയും പ്രിയദർശിനിക്ക് 16,000 രൂപയുമാണ് നിരക്ക്. പണം മടക്കി കിട്ടാൻ 44 പേരും അപേക്ഷ നൽകിയെങ്കിലും 16 പേർക്ക് നൽകാനാണ് ധനകാര്യ കമ്മിറ്റി ശുപാർശ ചെയ്തത്. ശുപാർശ ചെയ്തവരിൽ ഭൂരിഭാഗത്തിനും പണം ലഭിച്ചിട്ടില്ല. ചെക്ക് ഒപ്പിട്ടിട്ടില്ല, സെക്ഷൻ ക്ലർക്കില്ല എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞാണ് വട്ടം ചുറ്റിക്കുന്നത്. ശമ്പളത്തിന് പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന നഗരസഭയാണിത്. ഓണത്തിന് മുമ്പ് വിതരണം ചെയ്യേണ്ട ശമ്പളം കഴിഞ്ഞ 15നാണ് നൽകിയത്.
ജി.എസ്.ടിയുടെ പേരിൽ പിഴിച്ചിൽ
2020 ഏപ്രിൽ 20ന് മകളുടെ വിവാഹാവശ്യത്തിനായി 2019 ഒക്ടോബറിലാണ് നഗരസഭയിൽ 17,000 രൂപ അടച്ചത്. കൊവിഡിനെ തുടർന്ന് ജൂൺ 27ലേക്ക് മാറ്റിട്ടും രോഗവ്യാപനം വർദ്ധിച്ചതോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ലളിതമായി വിവാഹം നടത്തി. തൊട്ടടുത്ത ദിവസം നഗരസഭയിൽ പണം മടക്കി ലഭിക്കാൻ അപേക്ഷ നൽകി. പലവട്ടം കയറിയിറങ്ങിയ ശേഷം കഴിഞ്ഞയാഴ്ച്ച പണം ലഭിച്ചപ്പോൾ 2750 രൂപ കുറവ്. ജി.എസ്.ടി പിടിച്ചതാണെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. നടക്കാത്ത പരിപാടിയുടെ പേരിൽ പണം പിടിച്ചതിനെതിരെ തദ്ദേശ വകുപ്പ് മന്ത്രിക്ക് പരാതി നൽകും.
അശോകൻ,ചാറ്റുപാടത്ത്, ജവഹർ റോഡ്, ആലുവ.
പണം മടക്കി നൽകണമെന്ന് കൗൺസിലർമാർ
ടൗൺ ഹാളിൽ നിശ്ചിയിച്ചിരുന്ന പരിപാടികൾ ഉപേക്ഷിച്ചവർക്ക് നഗരസഭയിൽ അടച്ച പണം മടക്കി നൽകണമെന്ന് കൗൺസിലർമാരായ എ.സി. സന്തോഷ് കുമാർ, സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കെ.വി. സരള എന്നിവർ ആവശ്യപ്പെട്ടു. ധനകാര്യ കമ്മിറ്റി തുകയും കൈമാറാത്ത നഗരസഭ നടപടി പ്രതിഷേധാർഹമാണ്. തുക കൈമാറാൻ വൈകിയാൽ സമരമാരംഭിക്കും.