പെരുമ്പാവൂർ: ആധുനികത കൊട്ടിഘോഷിച്ച് നിർമ്മിച്ച പെരുമ്പാവൂർ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് അധികൃതരുടെ അവഗണനയിൽ വീർപ്പ് മുട്ടുന്നു. ഹൈറേഞ്ച് ഭാഗങ്ങളിലേക്കു പോകുന്ന ബസുകളടക്കം പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്തത് സംബന്ധിച്ച പരാതികൾ പലപ്പോഴും ഉയർന്ന് വന്നെങ്കിലും ബന്ധപ്പെട്ടവർ ഇതിനെ തഴഞ്ഞിരുന്നു. ഇതോടെ സായാഹ്‌നമാകുന്നതോടെ ബസ് സ്റ്റാൻഡിൽ ആരുമില്ലാത്ത അവസ്ഥയാണ്. പ്രദേശത്ത് കച്ചവടക്കാരെ ഉൾപ്പെടെ ഇത് സാരമായി ബാധിക്കുന്നുണ്ട്. അഡ്വ. എൻ സി മോഹനൻ ചെയർമാനായിരുന്ന കാലത്ത് നിർമ്മിച്ച പുതിയ ബസ് സ്റ്റാൻഡിൽ നൂറ് കണക്കിന് യാത്രക്കാർക്ക് ഇരിക്കുന്നതിനും നിൽക്കുന്നതിനും, നൈറ്റ് ഷെൽട്ടർ, കംഫർട്ട് സ്റ്റേഷൻ, പൊലീസ് എയ്ഡ് പോസ്റ്റ്, കൊവിഡ് 19 മുൻകരുതൽ, അമ്മമാർക്ക് പ്രത്യേക ക്യാബിൻ തുടങ്ങിയ സൗകര്യങ്ങൾ ഇന്നുണ്ട്. എന്നാൽ ഇടുക്കി, കോതമംഗലം ഉൾപ്പെടെ കിഴക്ക് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഈ സ്റ്റാൻഡിൽ കയറാതെയാണ് പോകുന്നത്. ഇരുട്ടാവുന്നതോടെ ഇവിടെ സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുകയാണ്. എത്രയും വേഗം ഈ ബസ് സ്റ്റാൻഡിനെ പുതിയതാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെയുളളവർ മുഖ്യമന്ത്രിയടക്കമുളളവർക്ക് പരാതി നൽകിയിട്ടുണ്ട്.
വെളിച്ചമില്ലാത്ത ഹൈമാസ്റ്റ് ലൈറ്റ്
ബസ് സ്റ്റാൻഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഇടയ്ക്കിടെ കത്തുന്ന ഹൈമാസ്റ്റ് ലൈറ്റ് വെളിച്ചം മാത്രമാണ് ഇവിടെ രാത്രി പെട്ടുപോകുന്നവർക്ക് ഏക ആശ്രയം.ഇവിടുത്തെ കെട്ടിട വരാന്തകളിൽ ധാരാളം മെറുക്കുറി ലാമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പ്രകാശിക്കുന്നില്ല. ഇപ്പോൾ സന്ധ്യ കഴിഞ്ഞാൽ ആരും ഇവിടേക്ക് എത്താറില്ല. ബസ സ്റ്റാൻഡിലുളള പൊലീസ് എയ്ഡ്‌പോസ്റ്റിൽ പൊലീസുകാർ എത്തുന്നില്ല. ഇത് സംരക്ഷിക്കാൻ ഏറ്റിരുന്നവരും പിൻമാറിയതോടെ എയ്ഡ്‌പോസ്റ്റും അനാഥമാണ്.