bridge
കുഞ്ഞുണ്ണിക്കര യുവജന കൂട്ടായ്മ പ്രവർത്തകർ അക്വഡക്ട് പാലത്തിലെ മരങ്ങളും പുല്ലുകളും വെട്ടി വൃത്തിയാക്കുന്നു

ആലുവ: പെരിയാറിന് കുറുകെയുള്ള 'പ്രേമം പാലം' എന്നറിയപ്പെടുന്ന ഉളിയന്നൂരിലേക്കുള്ള പഴയ കുഞ്ഞുണ്ണിക്കര യുവജന കൂട്ടായ്മ സഞ്ചാരയോഗ്യമാക്കി. ഏറെ കാലമായി പാലം കാടുപിടിച്ചു കിടക്കുകയായിരുന്നു. മരങ്ങളും പുല്ലുകളും വെട്ടി വൃത്തിയാക്കുകയായിരുന്നു. വ്യായാമങ്ങൾക്കും പ്രഭാത സവാരിക്കും പരമാവധി ഉപയോഗപ്പെടുത്തി, പാലം നശിച്ചുപോകാതെ സംരക്ഷിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

പറവൂർ ഭാഗത്തേക്ക് കനാൽ വെള്ളം കൊണ്ടുപോകുന്നതിന് 1960ലാണ് അക്വഡക്ട് നിർമിച്ചത്. ആളുകൾക്ക് ഇതിലൂടെ നടന്നും സൈക്കിളിയുമായി യാത്രചെയ്യാനും കഴിയുമായിരുന്നു. 2015ൽ 'പ്രേമം' എന്ന സിനിമയിൽ വിവിധ ഭാഗങ്ങളിൽ ഈ പാലവും ഉൾപ്പെട്ടിരുന്നു. ഇതോടെ കൂടുതൽ ആളുകൾ പാലത്തിന്റെ സൗന്ദര്യം നുകരാനെത്തി. കമിതാക്കൾ പരിധി വിട്ടതോടെ നാട്ടുകാർക്ക് തലവേദനയായി. കൂടാതെ ലഹരി സംഘങ്ങളും പാലത്തിലായി. പാലം കാടുകയറിയത് ഇക്കൂട്ടർക്ക് ഉപകാരമാണ്. ഇതിനെല്ലാം പരിഹാരമെന്നോണമാണ് യുവാക്കൾ ശ്രമദാനം നടത്തിയത്. തുടർന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികളിലാണ് ഈ കൂട്ടായ്മ.