nda
കൊച്ചി മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.ആർ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അഴിമതിയിൽ മുങ്ങിക്കുളിച്ച മേയർ സൗമിനി ജയിൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൻ. ഡി .എ . എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചുനടത്തി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി. ആർ. ശിവശങ്കർ ഉദ്ഘാടനം ചെയ്തു .

നാളുകളായി വികസനത്തിന് പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് കോർപ്പറേഷനിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയിലെ അഴിമതികളും പടലപ്പിണക്കങ്ങളും കോർപ്പറേഷൻ ഓഫീസിലെ എ.ഐ ഗ്രൂപ്പുകളിയും കൊണ്ട് നഗരവികസനം മുരടിച്ചു. സുഭാഷ് ചന്ദ്രബോസ് പാർക്ക് അഴിമതി, പണിതീരാത്ത കോർപ്പറേഷൻ ആസ്ഥാനമന്ദിരം, പത്മ സരോവരം പദ്ധതി അഴിമതിയും കൊതുകുശല്യവും, മഴപെയ്താൽ കുളമാകുവുന്ന റോഡുകൾ, പൊട്ടിപ്പൊളിഞ്ഞ കാനകൾ ,സ്ലാബ് ഇല്ലാത്ത നടപ്പാതകൾ, ടൈലിന് മുകളിൽ ടൈൽ വിരിക്കുന്ന തലതിരിഞ്ഞ വികസനം, മഹാമാരി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ നാല്പതോളം ഡിവിഷനുകളിൽ ഡിങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യം ഇതെല്ലാമാണ് നാലുവർഷം കൊണ്ട് മേയർ കൊച്ചിക്ക് നൽകിയ വികസനമെന്നും എൻ.ഡി.എ ആരോപിച്ചു.
എൻ.ഡി.എ മണ്ഡലം കമ്മിറ്റി ചെയർമാൻ പി .ജി മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ശിവസേനമണ്ഡലം പ്രസിഡന്റ് സുധീർ ഗോപി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോ. ദിനേശ് കർത്ത, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന നേതാവ് ഗിരി, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, ശിവസേന ജില്ല പ്രസിഡന്റ് സജി തുരുത്തികുന്നേൽ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എസ്. സ്വരാജ്, യു.ആർ. രാജേഷ്, എൻ.ഡി.എ മണ്ഡലം വൈസ് ചെയർമാൻ പീതാംബരൻ, യു. ആർ.രാജേഷ് എന്നിവർ സംസാരിച്ചു.