തൃപ്പൂണിത്തുറ: വരുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞടുപ്പിൽ ഉദയംപേരൂരിലെ എല്ലാ വാർഡുകളിലും ധീവരസഭയുടെ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുവാൻ ധീവരസഭ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു. വിജ്ഞാനോദയസഭാ ഹാളിൽ നടന്ന യോഗം താലൂക്ക് സെക്രട്ടറി പി.കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉദയംപേരൂർ പഞ്ചായത്തിൽ മാറിമാറി വരുന്ന ഭരണസമിതികൾ ധീവരസഭയ്ക്ക് അവകാശപ്പെട്ട തെക്കൻ പറവൂരുള്ള പഴയ മാർക്കറ്റ് സ്ഥലം വിട്ടുതരാത്തതിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ രണ്ടിന് തെക്കൻ പറവൂർ യോഗേശ്വര ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് കൂടുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കും. കൺവീനർ പി.എം. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എം. നടരാജൻ, പി.ജി. രാജൻ, കെ.കെ. ശശിധരൻ, വി. സാബു, എസ്.ടി. അരവിന്ദൻ, എസ്.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.