മൂവാറ്റുപുഴ: കൊവിഡ് വ്യാപനത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിൽ വന്ന പോരായ്മകൾ പരിഹരിക്കാൻ നഗരസഭ പരിധിയിലെ അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനും, ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിശ്ചയിച്ച് നൽകാനും തീരുമാനിച്ചു. നഗരപരിധിയിൽ 66 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 57 പേർ വീടുകളിലും, 5 പേർ പ്രാഥമിക ചികിത്സ കേന്ദ്രത്തിലും 4 പേർ ആശുപത്രിയിൽ ചികിത്സയിലുമാണ്. ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയുള്ള സ്ഥാപനങ്ങൾ ഇതിനകം അടച്ചു. ആഴ്ചയിൽ ഒരു ദിവസം വീതം നഗരപ്രദേശത്ത് അനൗൺമെന്റ് നടത്തും.നഗരസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 5 നകം പ്രാഥമികാ ചികിത്സ കേന്ദ്രം ആരംഭിക്കും.നഗരത്തിൽ ഡ്രോൺ പരിശോധന പൊലീസിന്റെ നേതൃത്വത്തിലും നടത്തും. ഹോട്ടലുകളിൽ ഇന്ന് മുതൽ പാഴ്സലായി മാത്രം ഭക്ഷണം നൽകുന്ന നിലയിലാണ് ക്രമീകരണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കാൻ സഹായ കേന്ദ്രവും ആരംഭിക്കും.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു .എൽദോ എബ്രഹാം എം.എൽ.എ, ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ ,രാജി ദിലീപ്, അജ്മൽ ചക്കുങ്ങൽ, തഹസിൽദാർ കെ.എസ് സതീശൻ, സി.ഐ.മുഹമ്മദ്, നഗരസഭ സെക്രട്ടറി പി. കൃഷ്ണ രാജ്, ഡോ: ആശ വിജയൻ, ഷിജു എന്നിവർ പങ്കെടുത്തു.