മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഉപവാസ സമരം നടത്തിവന്ന മക്കാബി ഡയറക്ടർ യൂഹാനോൻ റമ്പാൻ നിരാഹാര സമരം അവസാനിപ്പിച്ചു. 41 ദിവസമായി നിരാഹര സമരം നടത്തിവന്ന റമ്പാൻ എൽദോ എബ്രഹാം എം.എൽ.എ നൽകിയ നാരങ്ങാനീര് കഴിച്ചാണ് സമരം അവസാനിപ്പിച്ചത്. ജനറൽ ആശുപത്രി വാർഡിൽ ചികിത്സക്കെത്തിയ ആളിന് കൊവിഡ് സ്ഥിരീകരിച്ചതോടെയുണ്ടായ പ്രതിസന്ധിയാണ് സമരം അവസാനിപ്പിക്കാൻ കാരണം. പിറമാടം ദയറായിൽ നിരാഹാര സമരം അനുഷ്ടിച്ചു വന്ന യുഹാനോൻ റമ്പാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരു മാസം മുമ്പാണ് പൊലീസ് ഇടപെട്ട് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെയുള്ള ജീവനക്കാര ക്വാറന്റൈനിലായി.വാർഡ് അടച്ചു രോഗികളെ വീടുകളിലേക്ക് മാറ്റിയിരുന്നു. കൊവിഡ് വ്യാപനം ഉണ്ടാകുകയും ജീവനക്കാർ നിരീക്ഷണത്തിൽ പോകുകയും ചെയ്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ അപേക്ഷ പരിഗണിച്ചാണ് റമ്പാൻ നിരാഹാരം അവസാനിപ്പിച്ചത്.