അങ്കമാലി : ക്രഷറിലെ ജോലിക്കിടെ കൺവെയർ ബെൽട്ടിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ ജുഗ്‌സായ്പാട്‌ന കലഹണ്ടി സ്വദേശി രജിബ് മാജ്ഹിയാണ് (18) മരിച്ചത്. മഞ്ഞപ്ര കുഴിയംപാടം ജനതാ ക്രഷറിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. പ്രവർത്തിച്ചുകൊണ്ടിരുന്ന ബെൽറ്റിലെ ചെളി കമ്പി ഉപയോഗിച്ചു കുത്തിമാറ്റുന്നതിനിടെ കമ്പി ബെൽറ്റിൽ കുടുങ്ങി. ബെൽറ്റിനൊപ്പം ഉള്ളിലേക്കു പോയ കമ്പിക്കൊപ്പം രജിബും ബെൽറ്റിൽ കുടുങ്ങി. ഒരുമാസം മുമ്പാണ് ഇവിടെ ജോലിക്കു ചേർന്നത്. അപകടത്തെ തുടർന്ന് ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9.30 ഓടെ മരിച്ചു.