അങ്കമാലി: ആടുകർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി. കേരളത്തിലെ ആടു കർഷകരുടെ കൂട്ടായ്മയായ അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി ആട്ടിടയ സംഘമാണ് നിവേദനം നൽകിയത്. ആട് പരിപാലന മേഖലയിലേക്ക് നിരവധിയാളുകൾ ആകൃഷ്ടരായി എത്തുന്ന സാഹചര്യത്തിൽ ആട് കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കുക ,അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഇറച്ചി ആടുകളെ വളർത്തുന്നതിനായി കർഷകർക്ക് നൽകി കബളിപ്പിക്കുന്ന ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുക, അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആടുകളെ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്വാറന്റൈയിൻ ചെയ്ത ശേഷം മാത്രം കർഷകർക്ക് കൈമാറാകു തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് സംഘം കൃഷി ഡയറക്ടർക്ക് നൽകിയതെന്ന് ഭാരവാഹികളായ ജയിംസ് മണവാളൻ റോജിസ് മുണ്ടപ്ലാക്കൽ നൈജൊ പുളിയ്ക്കൽ സിബി കാടപ്പറമ്പൻ ഷമീർ എന്നിവർ അറിയിച്ചു.