doctor

കൊച്ചി: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പരിഗണിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.

ആരോഗ്യരംഗത്തെ വിദഗ്ദ്ധരെയും സംഘടനകളെയും വിശ്വാസത്തിലെടുക്കാതെ സർക്കാർ മുന്നോട്ടു നീങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ഐ.എം.എ പോലുള്ള പ്രൊഫഷണൽ സംഘടനകളെ ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനം ഉൗർജിതപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ.പി. ഗോപികുമാറും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. സ്വീകരിക്കേണ്ട നടപടികൾ നിർദേശിച്ച് ഐ.എം.എ മുഖ്യമന്ത്രിക്ക് കത്തുനൽകി.

ടെസ്റ്റുകൾ വർദ്ധിപ്പിക്കുക

രോഗബാധിതരെ നിരീക്ഷണത്തിലാക്കാൻ ദിനംപ്രതി ഒരു ലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം.

സാമൂഹിക നിയന്ത്രണങ്ങൾ

മാസ്ക് ഉപയോഗം, ശാരീരിക അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തണം.

ഓരോരുത്തരും രോഗസാദ്ധ്യത തിരിച്ചറിഞ്ഞ് സൂക്ഷ്മതയോടെ പെരുമാറണം.

ഓഫീസ് ഹാജർ കുറയ്ക്കണം

ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഹാജർ നില 50 ശതമാനമായി വീണ്ടും കുറയ്ക്കണം. പൊതുഗതാഗത സംവിധാനങ്ങളിൽ കൊവിഡ് മാനദണ്ഡം ഉറപ്പ് വരുത്തണം.