കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. വില്ലേജ് ഓഫീസും, സബ് രജിസ്റ്റാർ ഓഫീസും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
കൂത്താട്ടുകുളത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർക്കായി ഒരു പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിന് വേണ്ടി 11 കോടി രൂപയുടെ പ്രൊപോസലിന് അനൂപ് ജേക്കബ് എം.എൽ.എ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്ന മുൻ ഗവണ്മെന്റിന്റെ കാലത്ത് ഭരണാനുമതി നൽകുകയും ഇതിനായി 2 കോടി രൂപ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുള്ളതുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ പൂർത്തീകരിച്ച് എഗ്രിമെന്റ് വെയ്ക്കുകയും നിർമ്മണോൽഘാടനം എം.എൽ.എ മന്ത്രിയായിരിക്കെ നടത്തിയിട്ടുള്ളതുമായിരുന്നു.എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ പദ്ധതി നിർത്തിവെക്കുകയാണ് ചെയ്തത്. വികസനകാര്യങ്ങളിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് എം.എൽ.എ ആരോപിച്ചു. കൂത്താട്ടുകുളത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനായുള്ള എസ്റ്റിമേറ്റും, പ്ലാനും തയ്യാറാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. വില്ലേജ് ഓഫീസ്, സബ് രജിസ്റ്റാർ ഓഫീസ്, ട്രഷറി ഓഫീസ് എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ ഇതിലേയ്ക്ക് മാറ്റാൻ കഴിയും. ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. ഒപ്പംതന്നെ പി.ഡബ്ല്യു, ഡി സ്ഥലത്ത് പുതിയ റസ്റ്റ് ഹൌസ് നിർമിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.