കൊച്ചി: നെഞ്ചുവേദനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ലോക ഹൃദയദിനത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയിൽ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിൻ എമർജൻസി ക്ലിനിക്ക് (ആർ.എ.സി.പി.സി) ആരംഭിച്ചു. ഇ.സി.ജി, സ്‌പെഷ്യലിസ്റ്റ് നഴ്‌സിന്റെ നേതൃത്വത്തിലുള്ള രോഗവിശകലനം, കൺസൾട്ടന്റിന്റെ പരിശോധന തുടങ്ങിയ സേവനങ്ങളാണ് ക്ലിനിക്കിൽ ലഭ്യമാക്കുക. അടിയന്തര ഘട്ടങ്ങളിൽ ആസ്റ്റർ എമർജൻസിയിലെ ഹെൽപ്പ്ലൈൻ നമ്പരായ 155218 ലോ 8111998003 ലോ വിളിക്കാം. ആവശ്യമെങ്കിൽ മെഡിക്കൽസംഘം ആംബുലൻസുമായി രോഗിയുടെ അടുത്തേക്കെത്തും. സംഘം കാർഡിയാക് എമർജൻസി സ്‌പെഷ്യലിസ്റ്റിനെ രോഗിയുടെ ആരോഗ്യസ്ഥിതി അറിയിക്കും. പ്രാഥമികചികിത്സ നൽകി രോഗിയെ ആസ്റ്റർ എമർജൻസി കെയർ യൂണിറ്റിലേക്ക് മാറ്റും. അഞ്ച് മിനിറ്റിനകം ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.