പറവൂർ: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സർവീസ് പറവൂരിൽ നിന്നും എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിലേക്ക് ആരംഭം കുറിച്ചു. രാവിലെ എട്ടരയ്ക്ക് പറവൂർ ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന ബസ് വൈപ്പിൻ, ഗോശ്രീ വഴി 9.45 ന് അഡ്വക്കറ്റ് ജനറൽ ഓഫീസിലെത്തും. വൈകിട്ട് അഞ്ചിനാണ് മടക്കയാത്ര.
സ്ഥിരമായി യാത്ര ചെയ്യുന്ന ജോലിക്കാർക്കായാണ് ബോണ്ട് സർവീസ്. സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് 5, 10, 15, 20, 25 ദിവസങ്ങൾ യാത്ര ചെയ്യാനുള്ള പ്രത്യേക ‘ട്രാവൽ കാർഡ്’ ലഭിക്കും. യാത്രാനിരക്കിലും ഇളവുണ്ട്.
നേരത്തെ ബോണ്ട് സർവീസ് ആരംഭിച്ച തിരുവനന്തപുരം, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വിജയമായതിനാലാണ് എറണാകുളത്തും നടപ്പാക്കിയത്. ഒഴിവുള്ള സീറ്റുകളിലേക്ക് കാർഡ് ആവശ്യമുള്ളവർ എറണാകുളം യൂണിറ്റ് ഓഫിസുമായി ബന്ധപ്പെടണം. ഡിമാൻഡ് അനുസരിച്ച് മറ്റ് ഓഫീസുകളിലേക്കും ബോണ്ട് സർവീസുകൾ ആരംഭിക്കുമെന്ന് ഡി.ടി.ഒ വി.എം. താജുദീൻ പറഞ്ഞു.