ആലുവ: 'ഓൺലൈൻ വഴി ഞങ്ങളുടെ ഉൽപ്പന്നം വാങ്ങിയതിന് നന്ദി. നിങ്ങൾക്ക് സമാനമായി ഒരു ബൈക്ക് ലഭിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ'...... ഇങ്ങനെ തുടങ്ങുന്ന ഒരു മെസേജ് വന്നാൽ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അക്കൗണ്ടിലുള്ള തുക മുഴുവൻ പണവും തൂത്തുപെറുക്കി കൊണ്ടു പോകുമെന്ന് റൂറൽ ജില്ലാ പൊലീസ് ജനങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നു.

ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഒൺലൈൻ വി​ല്പന സ്ഥാപനങ്ങളുടെ പേരിലാണ് മെസേജ് വരുന്നത്. ഈ സ്ഥാപനങ്ങളിൽ നിന്ന് മുമ്പ് എന്തെങ്കിലും ഒൺലൈനായി നിങ്ങൾ വാങ്ങിയിട്ടുണ്ടാകും. പിന്നെ സംശയിക്കാനൊന്നുമില്ലല്ലോ. അവർ സമ്മാനമായി തരുന്നത് കാർ, ബൈക്ക്, ഗൃഹോപകരണങ്ങൾ.... അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കളാണ്.... ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറോ, മെയിൽ ഐഡിയോ ഉണ്ടാകും. വിളിക്കാൻ വൈകിയാൽ അഭിനന്ദനം അറിയിച്ച് വീണ്ടും ബന്ധപ്പെടും. വലയിൽ വീണാൽ അക്കൗണ്ട് നമ്പറും, പാസ് വേഡും, മൊബൈലിൽ വന്ന ഒ.ടി.പി നമ്പറും വാങ്ങും. കാറും ബൈക്കും ലഭിക്കുന്നതിന് ടാക്‌സ് അടക്കാൻ തുക, മറ്റ് ഉൽപ്പന്നങ്ങൾ കൈമാറാൻ ജി.എസ്.ടി തുക.... അങ്ങനെ പണം തട്ടാൻ പട്ടി​ക വേറെ. മോഹവലയത്തിൽ കുടുങ്ങി പണം പോയവരുടെ നിരവധി പരാധികൾ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

പ്രമുഖ സ്ഥാപനങ്ങളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്. പരാതിയുമായി എത്തുമ്പോഴേക്കും തട്ടിപ്പുകാർ അവരുടെ മൊബൈൽ അക്കൗണ്ട് നമ്പറുകൾ മാറ്റിയിട്ടുണ്ടാകും. ചണ്ഡീഗഡ്, ബീഹാർ, വെസ്റ്റ് ബംഗാൾ അതിർത്തി തുടങ്ങിയിടത്തു നിന്നുമാണ് ഇത്തരം തട്ടിപ്പുകളെത്തുന്നത്. ഇവർക്ക് ഓഫീസുകളൊന്നുമില്ല. മൊബൈലും ലാപ്പ്‌ടോപ്പും മാത്രമായിരിക്കും ആകെയുള്ളത്. പ്രതികളെ കണ്ടെത്തുക എളുപ്പവുമല്ല. ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ സ്‌ക്രാച്ച് ആൻറ് വിൻ കാർഡ് അയച്ചും തട്ടിപ്പുണ്ട്. ചുരണ്ടി നോക്കി അതിൽ രേഖപ്പെടുത്തിയ സമ്മാനം വിളിച്ചറിയിക്കുക. കാർഡുകളിൽ വമ്പൻ സമ്മാനങ്ങളായിരിക്കും. അതിനായും പണം കളയുന്നവരുണ്ട്.

കൊവിഡ് കാലത്ത് രണ്ട് ശതമാനം മുതൽ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്ത് ഒൺലൈൻ മുഖേനയുള്ള തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുണ്ടെന്നും ഇതിനെകുറിച്ചും അന്വേഷിക്കുകയാണെന്നും എസ്.പി. പറഞ്ഞു.