കൊച്ചി: ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു. റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 21 കോടി ചെലവിൽ തമ്മനം പമ്പ് ഹൗസിൽ നിന്ന് കുന്നുംപുറം വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചതായി ടി.ജെ .വിനോദ് എം.എൽ.എ അറിയിച്ചു.
അമൃത് പദ്ധതിയുൾപ്പെടുത്തി 7.75 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന വാടത്തോഡ് ഓവർഹെഡ് ടാങ്കിലേക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പൈപ്പുലൈൻ സ്ഥാപിക്കുന്നതിനാണ് അനുമതി ലഭിച്ചത്. 2019 ലാണ് ടാങ്കിന്റെ പണി ആരംഭിച്ചത്. എട്ടുമാസംകൊണ്ട് പൂർത്തിയാകുമെന്ന് കരുതുന്നു. തമ്മനം പമ്പ് ഹൗസിൽ നിന്നും ഐഷ റോഡ് വഴി നാഷണൽ ഹൈവേയിലൂടെ ബാനർജി റോഡ് കടന്ന് ഓൾഡ് നാഷണൽ ഹൈവേയിലൂടെ അംബേദ്കർ റോഡുവഴി ഇടപ്പള്ളി കുന്നുംപുറം വാടത്തോട് ടാങ്കിലേക്ക് എത്തും.