പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെടുങ്കണ്ണിയിൽ നിർമ്മിക്കുന്ന പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 2.60 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത്. നാല് മീറ്റർ നീളത്തിൽ 2 മീറ്റർ വീതിയിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത്. കോൺക്രീറ്റ് രീതിയിൽ നിർമ്മിച്ചു എ.സി.പി ഷീറ്റുകൾ ഉപയോഗിച്ചു കേന്ദ്രം മനോഹരമാക്കും. നിലവിൽ ഇവിടെ ഉണ്ടായിരുന്ന കാലപ്പഴക്കം ചെന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി. ഏത് നിമിഷവും നിലം പതിക്കാറായ അവസ്ഥയിലായിരുന്നു. ഇതേ തുടർന്നാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങുന്നതിന് എം.എൽ.എ തുക അനുവദിച്ചത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോബി മാത്യു, പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ഷോജ റോയി, മുൻ പഞ്ചായത്ത് അംഗം എൽദോ പാത്തിക്കൽ, പി.പി അവറാച്ചൻ, പോൾ കെ. പോൾ,രാജു പോക്കത്തായി, ജോസ് എ. പോൾ, ഷാജി കീച്ചേരി എന്നിവർ സംസാരിച്ചു.