പള്ളുരുത്തി:കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇടക്കൊച്ചിയിലെ മാതാവിനും ഇരട്ടക്കുഞ്ഞുങ്ങൾക്കും സഹായവുമായി സുമനസുകൾ എത്തിത്തുടങ്ങി. കേരളകൗമുദി വാർത്തയെ തുടർന്നാണ് സഹായപ്രവാഹം.

പാമ്പായി മൂലയിലെ പഴകച്ചവടക്കാരനായ സന്തോഷ് ഒരു ദിവസത്തെ വേതനം ചികത്സാ സഹായ നിധിയിലേക്ക് നൽകി.ജോൺ ഫെർണാണ്ടസ് എം.എൽ.എ പച്ചക്കറി വാങ്ങി ഫണ്ട് ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചിയിലെ 30 ഓളം ഓട്ടോറിക്ഷ തൊഴിലാളികൾ ഒരു ദിവസത്തെ വേതനം കൈമാറും. ഈ ഭാഗത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം കച്ചവടക്കാർ ഒരു ദിവസത്തെ വേതനം കൈമാറും.കൂടാതെ വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.

അതേസമയം പൊതുപ്രവർത്തകനായ അഭിലാഷ് തോപ്പിലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് റിപ്പോർട്ട് തേടി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടർ എന്നിവർ അന്വേഷണം നടത്തി 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. രോഗം ബാധിച്ച 8 മാസം ഗർഭിണിയായ യുവതി ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഒരു കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു.10 ദിവസത്തെ ചികിത്സക്ക് മാത്രം 10 ലക്ഷം രൂപ ചെലവായി.വെൻറിലേറ്ററിൽ കഴിയുന്ന ഇവർക്ക് ഇനിയും ലക്ഷങ്ങൾ വേണ്ടിവരും.