കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരത്തിന് അൻവർ സാദത്ത് എം.എൽ.എ നേതൃത്വം നൽകിയത് ഒരാഴ്ചക്കിടെ രണ്ടാം തവണ
നെടുമ്പാശേരി: കൊവിഡ് ബാധിച്ച് മരിച്ച നിർദ്ധന വൃദ്ധന്റെ സംസ്കാരത്തിന് പി.പി.ഇ കിറ്റണിഞ്ഞ് അൻവർ സാദത്ത് എം.എൽ.എയും. നൊച്ചിമ താണിച്ചോട് വീട്ടിൽ തേവന്റെ മൃതദേഹമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നാലംഗ സംഘം സംസ്കരിച്ചത്. ഒരാഴ്ച്ചക്കിടയിൽ രണ്ടാം തവണയാണ് അൻവർ സാദത്ത് സംസ്കാര ചടങ്ങിന് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ 27ന് കൊവിഡ് ബാധിച്ച് മരിച്ച കപ്രശ്ശേരി കിഴ്ക്കനത്തിൽ കെ.എം. ബാവയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ഖബറടക്കാനും അൻവർസാദത്ത് രംഗത്തെത്തി.
ബന്ധുബലമില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസമായിട്ടാണ് താനും സംസ്കാരത്തിന് നേതൃത്വം നൽകിയതെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റ് സിദ്ധിക്ക് എടത്തല, തേവന്റെ ബന്ധു കിരൺ എന്നിവർ ശ്മശാനം ജീവനക്കാരൻ ഷാജിയുടെ സഹായത്തോടെയാണ് സംസ്കാരം നടത്തിയത്.
ദുരിതക്കടലിൽ മുങ്ങി തേവന്റെ കുടുംബം
ഇന്നലെ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ മരണമടഞ്ഞ തേവന്റെ ജീവിതം ദുരിതപൂർണമായിരുന്നു. ഭാര്യയും ഒരു മകനും മൂന്ന് പെൺമക്കളും അടങ്ങുന്ന നിർദ്ധന ദളിത് കുടുംബത്തിൽ തേവനും ഏക മകനും വൃക്ക രോഗികളായിരുന്നു.
കെട്ടിട നിർമ്മാണ തൊഴിലാളിയായ തേവന്റെ മകൻ 19 ദിവസം മുമ്പാണ് വൃക്ക രോഗം മൂർച്ഛിച്ച് മരിച്ചത്. ഏക മകന്റെ മൃതദേഹം അവസാനമായി കാണാൻ തേവൻ എത്തിയത് ആലുവ ജില്ലാ ആശുപത്രി കിടക്കയിൽ നിന്നാണ്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം വീണ്ടും ആശുപത്രിയിലേക്ക് തേവനെ മാറ്റി. മകൻ മരിച്ചതിന്റെ 11 -ാം ദിവസം തേവന് കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തൊട്ടടുത്ത ദിവസങ്ങളിൽ തേവനൊപ്പം സമ്പർക്കമുണ്ടായ ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കും ഭാര്യാ സഹോദരിക്കും മൂത്തമകളുടെ മകനും കൊവിഡ് പോസിറ്റീവായി. കുടുംബം ഒന്നടങ്കം യു.സി കോളേജ് എഫ്.എൽ.ടി.സിയിൽ കൊവിഡ് ചികിത്സയിൽ കഴിയുമ്പോഴാണ് തേവനെ മരണം തട്ടിയെടുത്തത്.
കളമശേരി പൊതുശ്മശാനത്തിൽ നൽകുന്നതിനുള്ള 3,500 രൂപ പോലും ഇവരുടെ കൈവശമുണ്ടായില്ല. എം.എൽ.എയാണ് ശ്മശാനത്തിലെ ഫീസടച്ചതും ആവശ്യമായ പി.പി.ഇ കിറ്റുകൾ വാങ്ങിയതും.