കളമശേരി: ഏലൂർ നഗരസഭയിൽ കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകിയതിൽ ഭരണപ്രതിപക്ഷ വിവാദം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളെണ്ണം കുറയ്ക്കുന്നതിനു വേണ്ടി പ്ലസ് ടു വിന് മുകളിലുള്ളവർക്ക് മാത്രമാണ് ഇന്നലെ അവാർഡു നൽകാൻ തീരുമാനിച്ചത്. പത്താം ക്ലാസ്സുകാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കാനും തീരുമാനിച്ചു. പ്രതിപക്ഷ കൗൺസിലർമാരോട് അങ്ങനെ പറഞ്ഞെങ്കിലും ഭരണപക്ഷ കൗൺസിലർമാർ തങ്ങളുടെ വാർഡുകളിലെ പത്താംക്ലാസ് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും ചെയ്തു. തങ്ങളുടെ വാർഡിലെ കുട്ടികളെ ഒഴിവാക്കിയെന്നാരോപിച്ച് രക്ഷകർത്താക്കളും പ്രതിപക്ഷ കൗൺസിലർമാരും ചോദ്യംചെയ്തപ്പോൾ അവാർഡുകൾ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിച്ചു കൊടുക്കാൻ ശ്രമിച്ചത് പിന്നെയും ആരോപണത്തിന് ഇടയാക്കി.

ഭൂരിപക്ഷമുണ്ടന്ന അഹങ്കാരത്തിൽ പ്രതിപക്ഷ അംഗങ്ങളെ മാനിക്കാതെ ഏകപക്ഷീയമായും തന്നിഷ്ടത്തോടെയുമാണ് ഭരണകക്ഷിക്കാർ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് കൗൺസിലർ ഉണ്ണിക്കൃഷ്ണൻ ആരോപിച്ചു. അനാവശ്യ വിവാദത്തിന് വഴിയൊരുക്കിയത് ശരിയായില്ലെന്ന് മുസ്ലിംലീഗ് കൗൺസിലർ അബുബക്കറും വ്യക്തമാക്കി.