ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്റെ യഥാർത്ഥ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് നന്ദിനി അനിശ്ചിതകാല സമരം നടത്തുന്ന പശ്ചാത്തലത്തിൽ പട്ടിക ജാതി വികസന വകുപ്പ് ഉപ ഡയറക്ടർ ജോസഫ് ജോൺ നന്ദിനിയുടെ വീട്ടിലെത്തി ചർച്ച നടത്തി. കഴിഞ്ഞ ദിവസം നന്ദിനി സമരകേന്ദ്രത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അശോകപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിലെ സമരം പുനരാരംഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്നലെ പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥ സംഘം നന്ദിനിയെ സന്ദർശിച്ച് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകി.