ആലുവ: പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ കുട്ടമശ്ശേരി ആനിക്കാട് കവലയിൽ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. മൂന്നാറിൽ നിന്നും പച്ചക്കറിയുമായി ആലുവയിലേക്ക് വന്ന വാഹനം റോഡിന് സമീപമുള്ള കാനയിലേക്ക് ചാടിയ ശേഷമാണ് ചെറോടത്ത് യാക്കൂബിന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചത്.
യാക്കൂബിന്റെ മതിലും വീടിന്റെ സിറ്റൗട്ടിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽ വാൻ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന് വീതി കുറഞ്ഞ ഇവിടെ കാനയിൽ വാഹനങ്ങൾ ചാടിയുള്ള അപകടങ്ങൾ പതിവാണ്. റോഡിന്റെ ടാറിംഗിനോട് ചേർന്ന് തന്നെയാണ് കാനയുള്ളത്. കാനക്കരികിൽ പുല്ല് വളർന്നിരിക്കുന്നതിനാൽ കാന കാണാനും പ്രയാസമാണ്. മഴക്കാലത്തിന് മുന്നോടിയായി പഞ്ചായത്ത് പുല്ല് വെട്ടി കാന ക്ലീൻ ചെയ്തെങ്കിലും വീണ്ടും പുല്ല് വളർന്നിരിക്കുകയാണ്. പള്ളിയിലേക്കും മറ്റും പോകുന്ന കാൽ നടയാത്രക്കാർ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്.
റോഡിൽ കൂടി വേണം കാൽനടയാത്രക്കാർ നടക്കാൻ. വാഹനങ്ങൾ വരുമ്പോൾ മാറി നിൽക്കാൻ സ്ഥലമില്ല. ഈ ഭാഗത്ത് കാനക്ക് മുകളിൽ സ്ലാബ് ഇട്ടാൽ അപകടമൊഴിവാക്കാം. കഴിഞ്ഞ ആഴ്ചയും ഇവിടെ അപകടം നടന്നിരുന്നു. ഇരുചക്രവാഹന യാത്രക്കാരനായിരുന്ന കുട്ടമശ്ശേരി അമ്പാട്ട് സനിൽ കാനയിൽ വീണ് പരിക്കേറ്റിരുന്നു.