കൊച്ചി: കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിക്കുവേണ്ടി (ഐ.ഡബ്ല്യു.എ.ഐ) കൊച്ചി കപ്പൽശാല നിർമ്മിച്ച രണ്ട് റോറോ യാനങ്ങൾ കൈമാറി. അതോറിറ്റിക്കുവേണ്ടി 10 യാനങ്ങളാണ് കൊച്ചിയിൽ നിർമ്മിക്കുന്നത്. ഇവയിൽ എട്ടെണ്ണം റോ പാക്‌സ് യാനങ്ങളാണ്. കൈമാറൽ രേഖയിൽ ഐ.ഡബ്ല്യു.എ.ഐ ഡയറക്ടർ മാത്യു ജോർജ്, ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓപ്പറേഷൻസ് ഡയറക്ടർ സുരേഷ്ബാബു എൻ.വി എന്നിവർ ഒപ്പിട്ടു.
രാത്രിയും പകലും മുഴുവൻ സമയം പ്രവർത്തിക്കുന്ന 56മീറ്റർ നീളമുള്ള റോറോ യാനങ്ങൾ കൊച്ചി കപ്പൽശാലതന്നെ രൂപകല്പന ചെയ്തതാണ്. 15 ടി.ഇ.യു കണ്ടെയ്‌നറുകളും 30 യാത്രക്കാരെയും ഉൾക്കൊള്ളുന്നതാണ് റോറോ. അത്യാധുനിക നിലവാരത്തിലുള്ള ആശയവിനിമയ ഉപകരങ്ങളും ട്രക്കുകളും വാഹനങ്ങളും എളുപ്പത്തിൽ ലോഡു ചെയ്യാനും ഇറക്കാനും ചെയ്യാനും സൗകര്യമുള്ള തുറന്ന ഡെക്കും എട്ട് ജീവനക്കാർക്ക് ശീതീകരിച്ച താമസസൗകര്യവും ഉൾപ്പെടെ സംവിധാനങ്ങൾ യാനങ്ങളിലുണ്ട്.