കളമശേരി: പൊതുമേഖലാ സ്ഥാപനമായ ഹിൽ ഇന്ത്യ ലിമിറ്റഡ് ( എൽ.ഐ.എൽ) അടച്ചുപൂട്ടലിന്റെ വക്കിൽ.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥാപനം ഓർമ്മയാകും.1100 സ്ഥിരം ജീവനക്കാരുണ്ടായ കമ്പനിയിൽ നിലവിൽ 107 പേർമാത്രമാണുള്ളത്. ഇതിന് പുറമേ 100 ഓളം കരാർ ജീവനക്കാരും തൊഴിലെടുക്കുന്നുണ്ട്.തൊഴിലാളികളുടെ ശബളം വിതരണവും താളം തെറ്റിയ അവസ്ഥയിലാണ്.ഇതോടൊപ്പം പി.എഫ് ,എൽ.ഐ.സി, ഇ എസ്.ഐ, ബാങ്ക് വിഹിതം തുടങ്ങിയവ പത്തു മാസത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. അതേസമയം നിർബന്ധിത വിരമിക്കലിന് സമ്മർദ്ദമുള്ളതായി യൂണിയൻ നേതാക്കൾ പറയുന്നു.1957ൽ മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് എച്ച്.ഐ.എൽ ഉദ്ഘാടനം ചെയ്തത്. മലേറിയ നിർമാർജ്ജനം ചെയ്യാൻ സ്ഥാപിതമായ കമ്പനി പിന്നീട് വന്ന കരിമ്പനി തുടച്ചു നീക്കുന്നതിനും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.1978 മുതൽ അഗ്രോ പെസ്റ്റിസൈഡുകളും , വിത്ത് ,വളം എന്നിവയും മിതമായ വിലയ്ക്ക് കർഷകരിലേക്ക് എത്തിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഡി.ഡി.റ്റി, ബി.എച്ച്.സി, എൻഡോസൾഫാൻ, ഡൈക്കോ ഫോൾ ,മാംഗോ സെബ്, ഹിൽ ഗോൾഡ് , ഹിൽ ബാൻ,ഹിൽ പഞ്ച്, ഹിൽതൈൻ, ഗ്ലൈ് ഫോസേറ്റ്, പെന്റിമെത്തലിൻ എന്നിവയാണ് ഉല്പാദിപ്പിക്കുന്നത്. അസംസ്കൃത പദാർത്ഥങ്ങളുടെ ലഭ്യത കുറവും, പ്രവർത്തന മൂലധനമില്ലാത്തതുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. നീതി ആയോഗ് കമ്പനി അടച്ചുപൂട്ടാൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്ഥാപനം ലാഭകരമാക്കാനും നിലനിർത്താനും മാനേജുമെന്റ് യാതൊരു പ്രവർത്തനവും നടത്താത്തതും അനാസ്ഥയും തകർച്ചയ്ക്ക് ആക്കം കൂട്ടിയതായി സംയുക്ത ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി. ഒക്ടോബർ 6ന് സേവ് എച്ച്.ഐ.എൽ ഫോറം ശ്രദ്ധ ക്ഷണിക്കൽ നടക്കും.