തൃശൂർ: പ്രമുഖ വ്യവസായിയും നോർക്ക റൂട്‌സ് വൈസ് ചെയർമാനുമായിരുന്ന അഡ്വ. സി.കെ. മേനോൻ ഓർമ്മയായിട്ട് ഒരു വർഷം. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി പ്രവാസം തുടങ്ങിയ സി.കെ. മേനോൻ ലോകമറിയുന്ന വ്യവസായിയായി വളർന്നപ്പോഴും തൃശൂരിനെ നെഞ്ചോടുചേർത്തു. തൃശൂരുകാരും അദ്ദേഹത്തെ സ്നേഹത്തിൽ മൂടി. അദ്ദേഹത്തിന്റെ പേരിൽ തൃശൂരിൽ ഉയരുന്ന പാർക്കും അനുബന്ധപ്രവർത്തനങ്ങളും അതിനുദാഹരണമാണ്.
സ്വപ്നതുല്യമായ ഉന്നതിയിൽ നിൽക്കുമ്പോഴും വരുമാനത്തിൽനിന്ന് ഒരു നിശ്ചിതതുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവച്ചു. 2004ൽ സുനാമി ദുരന്തത്തിനിരയായവർക്ക് മുന്നിലേക്ക് ആദ്യംനീണ്ട സഹായഹസ്തം സി.കെ. മേനോന്റേതായിരുന്നു. തൃശൂർ നഗരത്തിലെ ചേരിയിൽ താമസിക്കുന്ന നൂറോളം പേർക്ക് പുനരധിവാസം ഉറപ്പാക്കിയതും സി.കെ. മേനോനാണ്.
സൗദിഅറേബ്യയിൽ കൊലക്കയർ കാത്തുകഴിഞ്ഞ നാലുപേരുടെ ജീവിതം തിരിച്ചു പിടിച്ചതും ഇറാക്ക് യുദ്ധത്തിൽ കുടുങ്ങിയ 46 നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ അധികൃതരുമായി ചർച്ച നടത്തിയതുമെല്ലാം സി.കെ. മേനോനായിരുന്നു. സഹായം അഭ്യർത്ഥിച്ച് വരുന്നവരെ ഒരിക്കലും വെറും കൈയോടെ മടക്കി അയച്ചിരുന്നില്ല.
2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2006ൽ പ്രവാസിഭാരതീയ സമ്മാൻ പുരസ്‌കാരവും മേനോനെ തേടിയെത്തി. അച്ഛൻ പകർന്നുനൽകിയ പാഠങ്ങളിൽ മകൻ ജെ.കെ. മേനോനാണ് ഇപ്പോൾ ബഹ്‌സാദ് ഗ്രൂപ്പിന്റെ അമരക്കാരൻ.
സി.കെ. മേനോൻ അനുസ്മരണം ഇന്ന്
തൃശൂർ: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് രാവിലെ പത്തിന് തൃശൂർ സി.എം.എസ് സ്‌കൂളിൽ നടക്കുന്ന അനുസ്മരണം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിക്കും.