സി.കെ. മേനോന്റെ ഒന്നാം ഓർമ്മദിനം ഇന്ന്
തൃശൂർ: പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ ഒന്നാംഓർമ്മദിനം ഇന്ന്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി പ്രവാസം തുടങ്ങിയ സി.കെ. മേനോൻ ലോകമറിയുന്ന വ്യവസായ പ്രമുഖനായപ്പോഴും തൃശൂരിനോടുള്ള സ്‌നേഹം നെഞ്ചോടുചേർത്തു. മരണശേഷവും അദ്ദേഹത്തിന്റെ പേരിൽ തൃശൂരിൽ ഉയരുന്ന പാർക്കും അനുബന്ധപ്രവർത്തനങ്ങളും അതിനുദാഹരണം.
വിദേശങ്ങളിലെ പരമോന്നത ഭരണസിരാകേന്ദ്രങ്ങളിൽ സ്വതന്ത്രമായി കടന്നുചെല്ലാനാവുന്നത്ര സ്വാതന്ത്ര്യവും അംഗീകാരവും അദ്ദേഹത്തിനുണ്ടായിരുന്നു. സമ്പത്തുകൊണ്ടും അംഗീകാരംകൊണ്ടും സ്വപ്നതുല്യമായ ഉന്നതിയിൽ നിൽക്കുമ്പോഴും വരുമാനത്തിൽനിന്ന് ഒരു നിശ്ചിതതുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവച്ചു.
1949ൽ തൃശൂരിലെ ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തിലായിരുന്നു ജനനം. സെന്റ് തോമസ് കോളേജിലും ശ്രീകേരളവർമ കോളേജിലും വിദ്യാഭ്യാസം. നിയമബിരുദമെടുത്ത് എഴുപതുകളുടെ മദ്ധ്യത്തിൽ അഭിഭാഷകനായി. പിന്നീടാണ് ഖത്തറിലെത്തിയത്.
2004ൽ സുനാമിദുരന്തത്തിനിരയായവർക്ക് മുന്നിലേക്ക് ആദ്യംനീണ്ട സഹായഹസ്തം സി.കെ. മേനോന്റേതായിരുന്നു. തൃശൂർ നഗരത്തിലെ ചേരിയിൽ താമസിക്കുന്ന നൂറോളം ചേരിനിവാസികളുടെ പുനരധിവാസം നടപ്പിലാക്കിയതും സി.കെ. മേനോൻ.
സൗദിഅറേബ്യയിൽ കൊലക്കയർ കാത്തുകഴിഞ്ഞ നാലുപേരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ചു. ഇറാഖ് യുദ്ധത്തിൽ കുടുങ്ങിയ 46 നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ അധികൃതരുമായി ചർച്ചനടത്തി. തിരിച്ചെത്തിയ നഴ്‌സുമാർക്ക് മൂന്നുലക്ഷംരൂപവീതം അദ്ദേഹം നൽകി.
മുസ്ളിംപള്ളിയും അമ്പലവും കൈസ്തവദേവാലയവും ഒരേമനസോടെ നിർമ്മിച്ചു. ആരാധനാലയങ്ങളിൽ പൊന്നുകൊണ്ട് തുലാഭാരം നടത്തുന്നതിനേക്കാൾ തനിക്കിഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാനാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. അദ്ദേഹം പഠിച്ച തൃശൂരിലെ സി.എം.എസ് വിദ്യാലയത്തിന് പുതിയ കെട്ടിടം പണിതുനൽകി. തൃശൂരിലെ ഒട്ടനവധി ക്ഷേത്രങ്ങൾ നവീകരിച്ചു. ഒട്ടേറെപ്പേർക്ക് പ്രതിവർഷം ചികിത്സാധനസഹായമൊരുക്കി. സഹായം അഭ്യർത്ഥിച്ച് വരുന്നവരെ മേനോൻ ഒരിക്കലും വെറുകൈയോടെ മടക്കി അയച്ചിരുന്നില്ല.
2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2006ൽ പ്രവാസിഭാരതീയ സമ്മാൻ പുരസ്‌കാരവും മേനോനെ തേടിയെത്തി. സ്ഥാനപതിയാകാൻ കേന്ദ്രസർക്കാരിന്റെ ക്ഷണംവന്നതായും വാർത്തകളുണ്ടായിരുന്നു. പക്ഷേ മനുഷ്യസ്‌നേഹത്തിന്റെ സ്ഥാനപതിയായി അദ്ദേഹം മരണംവരെ തുടർന്നു. അച്ഛന്റെ നേർപാതയിൽ അദ്ദേഹം പകർന്നുനൽകിയ പാഠങ്ങളിൽ മകൻ ജെ.കെ. മേനോനാണ് ഇപ്പോൾ ബഹ്‌സാദ് ഗ്രൂപ്പിന്റെ അമരക്കാരൻ.
സി.കെ. മേനോൻ അനുസ്മരണം ഇന്ന്
തൃശൂർ: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് രാവിലെ പത്തിന് തൃശൂർ സി.എം.എസ് സ്‌കൂളിൽ നടക്കുന്ന അനുസ്മരണം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖർ അനുസ്മരണ പ്രഭാഷണം നടത്തും.