കൊച്ചി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ നടപ്പിലാക്കുന്ന ക്ലൈമറ്റ് സ്മാർട്ട് സിറ്റീസ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 'ഫ്ളഡ് ഫ്രീ കൊച്ചി മൊബൈൽ ആപ്പ്' ഇന്നു ഉച്ചയ്ക്ക് 12.30 ന് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശിപ്പിക്കും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെയും (സി.എസ്.എം.എൽ) ജർമ്മൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുടെ ക്ളൈമറ്റ് സ്മാർട്ട് സിറ്റി പദ്ധതിയുടെയും സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നഗരത്തിൽ സംഭവിക്കുന്ന വെള്ളക്കെട്ടടക്കമുള്ള പ്രശ്‌നങ്ങൾ, മറ്റ് അസാധാരണ സാഹചര്യങ്ങൾ എന്നിവ മനസിലാക്കി റിപ്പോർട്ട് ചെയ്യാനും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്‌നമേഖലകൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ അവലംബിക്കാനും സഹായിക്കുന്ന തരത്തിലുള്ള ഒരു ആപ്പാണ് 'ഫ്ളഡ് ഫ്രീ കൊച്ചി മൊബൈൽ ആപ്പ്. 2020 -21 ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നാണിത്.