sandeep-nair

കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷിയാവുന്നതിന് മുന്നോടിയായി, തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാലാം പ്രതി സന്ദീപ് നായർ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകി.

കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം നൽകിയ അപേക്ഷയിൽ പറയുന്നു. ഇങ്ങനെ നൽകുന്ന മൊഴി തനിക്കെതിരെയുള്ള തെളിവായിത്തീരുമെന്ന് അറിയാമെന്നും ,അപേക്ഷ സ്വമേധയാ നൽകുന്നതാണെന്നും സന്ദീപ് വ്യക്തമാക്കുന്നു.

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിനൊപ്പം ജൂലായ് 11 നാണ് സന്ദീപിനെ ബംഗളൂരുവിൽ നിന്ന് എൻ.ഐ.എ അറസ്റ്റു ചെയ്തത്. ഇവരുടെ പക്കൽ നിന്നു പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽഫോൺ തുടങ്ങിയവ കേസിലെ നിർണായക തെളിവുകളാണ്. സന്ദീപിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നിഗമനം.

മാപ്പുസാക്ഷിയാകൽ

സന്ദീപിന്റെ അപേക്ഷ എൻ.ഐ.എ കോടതി എറണാകുളം സി.ജെ.എം കോടതിക്ക് കൈമാറും. തുടർന്ന്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേട്ടിനെ ചുമതലപ്പെടുത്തും. ചുമതല ലഭിക്കുന്ന മജിസ്ട്രേട്ട് സമൻസ് അയച്ച് സന്ദീപിനെ വിളിച്ചു വരുത്തും.

കേസിലെ വിവരങ്ങൾ പൂർണമായും തുറന്നു പറയുന്നതിലെ ഭവിഷ്യത്തുകളും നടപടിക്രമങ്ങളും മജിസ്ട്രേട്ട് സന്ദീപിനെ ധരിപ്പിക്കണം. ഇതിനുശേഷം തീരുമാനം പുന:പരിശോധിക്കാൻ സമയം നൽകും. തുടർന്നാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇങ്ങനെ നൽകുന്ന മൊഴിയിൽ വിവരങ്ങൾ പൂർണമായിരിക്കണമെന്നുണ്ട്. മൊഴി പരിശോധിച്ച് അന്വേഷണ ഏജൻസിയും കോടതിയുമാണ് മാപ്പുസാക്ഷിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.