കൊച്ചി: രാജീവ് ഗാന്ധി ആവാസ് യോജന (റേ) പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന ഫ്റ്റാറ്റ് സമുച്ചയത്തിന്റെ പണി തീരുന്നതിന് മുമ്പ് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരിച്ചു നൽകിയതിൽ കർശന നടപടി സ്വീകരിച്ച് സർക്കാർ. സെക്യൂരിറ്റി ഡിപ്പോസിറ്റായ 91 ലക്ഷം രൂപയുടെ ബാദ്ധ്യത മേയർ, സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന അഡീഷണൽ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ എന്നിവരുടേതാണെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി.റേ പ്രകാരം തുരുത്തി കോളനിയിൽ പണിയുന്ന 12 നിലകളുള്ള ഫ്റ്റാറ്റ് സമുച്ചയം പണിയാൻ സിറ്റ്‌കോ അസോസിയേറ്റ്‌സിനാണ് കരാർ നൽകിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും പണിതീർന്നില്ല. കൗൺസിലിനെ അറിയിക്കാതെ സെക്യൂരിറ്റി ഡിപ്പോസിറ്റ് മടക്കി നൽകുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം കൗൺസിലിൽ പ്രതിഷേധിക്കുകയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് പെർഫോമെൻസ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി.

ചട്ടലംഘനമെന്ന് സർക്കാർ

സെക്യൂരിറ്റി തുക മടക്കി നൽകിയതിൽ പ്രകടമായ ചട്ടലംഘനം നടന്നതായി സർക്കാർ കണ്ടെത്തി. അംഗീകരിക്കാൻ കഴിയാത്ത നടപടിക്രമങ്ങളുടെ ലംഘനമാണ് നടന്നത്. നടത്തിയിട്ടുള്ള നിർമ്മാണത്തിന് ബിൽതുക നൽകാൻ ബാക്കിയാണെന്നും അത് ഡിപ്പോസിറ്റിൽ തട്ടിക്കിഴിക്കുമെന്നുള്ള ന്യായീകരണം സർക്കാർ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. കരാറുകാരന്റെ സാമ്പത്തിക പ്രയാസം കാരണമാണ് തുക നൽകിയതെന്ന വാദവും നിലനിൽക്കില്ല. പണം പിൻവലിച്ചതിന് ശേഷവും യാതൊരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കരാറുകാരന്റെ ആവശ്യങ്ങൾ ആശാസ്യമല്ലാത്ത രൂപത്തിൽ അസാധാരണ തിടുക്കത്തിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപത്തിലും കഴമ്പുണ്ട്. തുക നൽകുവാൻ ശുപാർശ ചെയ്ത സൂപ്രണ്ടിംഗ് എൻജിനീയർ, സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന അഡീഷണൽ സെക്രട്ടറി, തുക നൽകാൻ ഉത്തരവ് നൽകിയ മേയർ, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ കുറ്റക്കാരാണ്. തുക തിരിച്ചടയ്ക്കാൻ കരാറുകാരനോട് ആവശ്യപ്പെടണം. തിരിച്ചടയ്ക്കുന്നതുവരെ മേയർ, അഡീഷണൽ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ എന്നിവരുടെ ബാദ്ധ്യതയായി കണക്കാക്കും. ഇവർ മൂന്നുപേരിൽ നിന്നുമായി തുക ഈടാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

രാഷ്ട്രിയ പ്രേരിതമെന്ന് ഭരണപക്ഷം

റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്തു വന്നിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം സമരം ആരംഭിച്ചിരുന്നു