പറവൂർ: പറവൂർ കോടതി മൈതാനിയിൽ സബ് ട്രഷറി ഓഫീസിനുള്ള പുതിയ കെട്ടിട നിർമ്മാണം പറവൂർ മുൻസീഫ് കോടതി താത്കാലികമായി സ്റ്റേ ചെയ്തു. പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ അവശേഷിച്ചിട്ടുള്ള സ്ഥലത്ത് ട്രഷറിക്ക് കെട്ടിടം നിർമ്മിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പറവൂർ ബാറിലെ ഒരുകൂട്ടം അഭിഭാഷകർ നൽകിയ ഹർജിയിലാണ് ഉത്തരവ്. കോടതി കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്ത് കോടതിയോ കോടതി അനുബന്ധ നിർമ്മിതികളോ അല്ലാതെ മറ്റൊന്നും നിർമ്മിക്കാൻ പാടില്ലെന്നും കോടതി വളപ്പിലെ സ്ഥലം മറ്റു ആവശ്യങ്ങൾക്കായി കൈമാറരുതെന്നും കോടതി നിരീക്ഷിച്ചു. 1873 ൽ ഏറ്റെടുത്ത 5.5 ഏക്കർ സ്ഥലത്ത് കോടതിയോ കോടതി അനുബന്ധ നിർമ്മാണങ്ങൾ മാത്രം നടത്താൻ പാടില്ലാന്നായിരുന്നു അഭിഭാഷകരുടെ ഹർജി. കച്ചേരിക്കായി ഏറ്റെടുത്തിട്ടുള്ള അഞ്ചര ഏക്കർ സ്ഥലത്തിന്റെ ഭൂരിപക്ഷം ഭാഗവും കോടതിയേതര ആവശ്യങ്ങൾക്കായി വിട്ട് നൽകിയിട്ടുള്ളതിനാൽ കോടതി കെട്ടിടം നിർമ്മിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. 2005 ൽ മിനി സിവിൽ സ്റ്റേഷൻ പണി പൂർത്തികരിച്ചപ്പോൾ നിലവിലെ സർക്കാർ ഓഫീസുകൾ മാറ്റി സ്ഥലവും കെട്ടിടവും കോടതി ആവശ്യങ്ങൾക്കായി അനുവദിക്കുമെന്നായിരുന്നു ധാരണ. ഇത് പാലിക്കാതെ കോടതി കെട്ടിടത്തിൽ താലൂക്ക് ഓഫീസും സബ് ട്രഷറി ഓഫീസും സബ് രജിസ്ട്രർ ഓഫീസും പ്രവർത്തിച്ച് വരുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു. കച്ചേരി വളപ്പിൽ പുതിയ കോടതി കെട്ടിടവും ന്യായാധിപന്മാർക്ക് താമസിക്കാൻ കോർട്ടേഴ്സും പണിയാൻ 2012 ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹർജിക്കാർക്ക് വേണ്ടി പി.എ. അയൂബ് ഖാൻ, ടി. ഷൈജു ജോർജ്, നിജി കെ. ഷാഹുൽ എന്നിവരാണ് ഹാജരായി.