kuttadan
മാലിന്യം നിറഞ്ഞ കൂട്ടാടൻ കുഴി പാടo

അങ്കമാലി: വ്യവസായ സ്ഥാപനങ്ങൾ തള്ളുന്ന രാസമാലിന്യങ്ങളുടെ കേന്ദ്രമായ കുട്ടാടൻകുഴി പാടം മരണശയ്യയിൽ. പാടശേഖരം കതിരിടാനായ് നാട്ടുകാർ നടത്തുന്ന ശ്രമങ്ങളെല്ലാം ജലരേഖയായി മാറുകയാണ്. നാട്ടുകരുടെ മുറവിളി കേൾക്കാൻ അധികൃതരും തയ്യാറാകുന്നില്ല.

ഒരു കാലത്ത് ചമ്പന്നൂർ ഗ്രാമത്തിന്റെ നെല്ലറയായിരുന്നു കുട്ടാടൻകുഴി പാടം .മഞ്ഞാലിത്തോടിന്റെ ഓരത്ത് പച്ചപുതച്ച് നിന്നിരുന്ന നെൽപ്പാടം ഇന്ന് രാസമാലിന്യം നിറഞ്ഞിരിക്കുകയാണ്.കൃഷി നഷ്ടമായതോടെ കർഷകർ കുട്ടാടൻകുഴി പാടത്ത് നെൽകൃഷിയിറക്കാതെയായി.ഇതോടെ നല്ല വിളവുണ്ടായിരുന്ന നെൽപാടം
മാലിന്യ കേന്ദ്രമായി.ചമ്പന്നൂർ വ്യവസായ മേഖലയിൽ നൂറുകണക്കിന് കമ്പനികൾ ഉയർന്നതോടെ
'മാലിന്യ' പാടമായി മാറി കുട്ടാടൻകുഴി.മാലിന്യം തള്ളുന്നത് തടയാൻ അധികാരികൾ ചെറുവിരൽ പോലും അനക്കുന്നില്ല.കക്കൂസ് മാലിന്യം വരെ പാടത്തേയ്ക്ക് തള്ളുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

കമ്പനികളിൽ നിന്ന് മാലിന്യങ്ങൾ തള്ളുന്നു

കമ്പനികളിൽ നിന്നുമുള്ള രാസമാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത് കുട്ടാടൻകുഴി പാടത്തേയ്ക്കാണ്.100 ഏക്കറോളം പരന്നുകിടക്കുന്ന പാടത്ത് ഇപ്പോൾ മലിന ജലം കെട്ടികിടക്കുകയാണ്.പാടത്തേയ്ക്ക് രാസമാലിന്യങ്ങൾ
ഒഴുകിയെത്തുന്നതിനാൽ സമീപത്തെ വീടുകളിലെ കിണറുകളും
മലിനമാകുന്നു.മഴക്കാലമായാൽ രാസമാലിന്യം മാഞ്ഞാലിത്തോട്ടിലുമെത്തും.പരാതി
നൽകി നാട്ടുകാർ മടുത്തു.

മാലിന്യപ്രശ്‌നം പരിഹരിച്ചാൽ കൃഷിയിറക്കാൻ തയ്യാർ
മാലിന്യപ്രശ്‌നം പരിഹരിച്ചാൽ കുട്ടാടൻകുഴി പാടത്ത് കൃഷിയിറക്കാൻ കർഷകർ ഒരുക്കമാണ്.ഒന്നര വർഷം മുമ്പ് തെഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിയിറക്കാൻ ശ്രമം നടത്തിയതാണ്.എന്നാൽ പാടത്ത് പണിയ്ക്കിറങ്ങിയ തൊഴിലാളികൾക്ക് ചൊറിച്ചിലും,ശ്വാസതടസവും അനുഭപ്പെട്ടതിനാൽ ചികിത്സ
തേടേണ്ടിവന്നു. പാകിയ വിത്തുകൽ പാതിയും മുളച്ചതുമില്ല.പരാതി നൽകിയകതിനെ തുടർന്ന് നഗരസഭ അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.28ാം വാർഡ് സഭ യോഗത്തിൽ നാട്ടുകാർ പ്രശ്‌നം ഉന്നയിച്ചിരുന്നു.

മാലിന്യം കാരണം രോഗവും

കഴിഞ്ഞ മഴക്കാലത്ത് ചമ്പന്നൂർ ഭാഗത്ത് ഡെങ്കിപനിയും മലേറിയയും കണ്ടെത്തിയിരുന്നു.ഇവിടെ കൊതുക് ശല്യവും രൂക്ഷമാണ്.തരിശിട്ട് കിടക്കുന്ന കുട്ടാടൻകുഴി പാടത്തും മറ്റും കൃഷിയിറക്കുന്നതിനായി കർഷകർ സംഘടിച്ച് പാടശേഖര സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്.കുട്ടാടൻകുഴി പാടം കതിരണിയണമെങ്കിൽ ഇനി അധികാരികൾ കനിയണം.