loan2

കൊച്ചി: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) സെപ്തംബറിൽ 1048.63 കോടി വായ്പ അനുവദിച്ചു. കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ മറ്റു ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾ നൽകാൻ മടിക്കുമ്പോഴാണ് കെ.എഫ്.സിയുടെ മികച്ച പ്രകടനം.

ജൂലായ് 27 ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 356 വായ്പകളിലായി 45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 40,000 മുതൽ 50 ലക്ഷം വരെയുള്ള വായ്പകൾ സർക്കാർ സബ്‌സിഡിയോടെ 7 ശതമാനം പലിശ നിരക്കിലാണ് നൽകുന്നത്.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനിലെ സപ്ലയർമാർക്ക് 110 കോടി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് 500 കോടി, മറ്റ് ലോണുകളിൽ 95 കോടി എന്നിവയും നൽകി. കൊവിഡ് സഹായമായി 390 യൂണിറ്റുകൾക്ക് 230 കോടിയും അനുവദി​ച്ചി​ട്ടുണ്ട്.

അർദ്ധവാർഷിക വായ്പാ അനുമതിയിൽ കോർപ്പറേഷൻ ലക്ഷ്യമിട്ടതിലും മുന്നിലെത്തി. 1,450 കോടിയാണ് ഇതുവരെ അനുവദിച്ചത്.മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ നൂറു ദിവസം കൊണ്ട് 1000 സംരംഭകരുടെ ക്വാട്ട തികയുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അടുത്തവർഷത്തെ 1000 സംരംഭകർക്ക് കൂടി ഈ വർഷം നൽകണമെന്നാണ് തീരുമാനം. ഈവർഷം 2000 സംരംഭകർക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു

ബ്യൂട്ടി പാർലർ തുടങ്ങാൻ 75,000 രൂപ അനുവദിച്ചാണ് മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതിക്ക് തുടക്കം കുറിച്ചത്. 48 മണിക്കൂറുകൾക്കകം കെ.എസ്.ഇ.ബിക്ക് 500 കോടി രൂപ അനുവദിച്ചു. ചെറുതും വലുതുമായ വ്യവസായിക വായ്പകളും നൽകാൻ കോർപ്പറേഷൻ സജ്ജമാണെന്ന് കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചങ്കരി വാർത്താക്കുറിപ്പിൽ പറഞ്ഞു.