കോതമംഗലം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് കോതമംഗലം മണ്ഡലത്തിലെ അങ്കണവാടികൾ കേന്ദ്രീകരിച്ച് നടപ്പിലാക്കി വരുന്നതായി ആൻണി ജോൺ എം.എൽ.എ പറഞ്ഞു. കുട്ടികളിൽ കാണുന്ന വളർച്ച മുരടിപ്പ്, പോഷണക്കുറവ്, വിളർച്ച, തൂക്കക്കുറവ് എന്നിവ പരിഹരിക്കുകയും സ്ത്രീകളിലും കൗമാരക്കാരിലും കാണുന്ന വിളർച്ച പരിഹരിക്കുക കുഞ്ഞുങ്ങൾക്ക് ആദ്യ 6 മാസം മാത്രം മുലപ്പാൽ നൽകുന്ന നിരക്ക് വർദ്ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിത വണ്ണവും കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി താലൂക്കിൽ പ്രവർത്തിക്കുന്ന 208 അങ്കണവാടികൾ വഴി ബോധവത്കരണ ക്ലാസുകൾ, പോഷക കുറവുള്ള കുട്ടികൾക്കായി തേനമൃത് ന്യൂട്രി ബാർ, പച്ചക്കറിത്തോട്ടപ്രദർശനം, പോഷണ തിരുവാതിര, പോസ്റ്റർ രജന മത്സരങ്ങൾ, പാചക മത്സരങ്ങൾ അടക്കമുള്ള വിവിധ പരിപാടികൾ നടപ്പിലാക്കി വരുന്നതായും എം.എൽ.എ പറഞ്ഞു.